ബെംഗളൂരു : മദ്യപിച്ച് ബസോടിക്കുന്നത് തടയാൻ കർണാടക ആർ.ടി.സി. ഡ്രൈവർമാർക്ക് കർശനപരിശോധന.
ഡിപ്പോകളിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള ശ്വാസപരിശോധനയാണ് നടത്തുക.
പരിശോധന പൂർത്തിയായതിനുശേഷമേ ജോലിയിൽ പ്രവേശിക്കാൻ ഡ്രൈവർമാർക്ക് അനുമതിയുള്ളൂ.
അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
ഡ്രൈവർക്കൊപ്പം കണ്ടക്ടർമാരും ഡിപ്പോ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം.
കഴിഞ്ഞ ദിവസം ആർ.ടി.സി. എം.ഡി. അൻപുകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.
2016-ലും ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പരിശോധന കർശനമാക്കിയിരുന്നില്ല.
എന്നാൽ ബസുകൾ അപകടത്തിൽപ്പെടുന്നത് കൂടിയതോടെയാണ് ശ്വാസപരിശോധന നിർബന്ധമാക്കാൻ അധികൃതർ തീരുമാനിച്ചത്.
വരും ദിവസങ്ങളിൽ മുഴുവൻഡിപ്പോകളിലും പരിശോധനനടത്താനുള്ള ബ്രീത്ത് അനലൈസർ എത്തിക്കും.
മദ്യപിച്ചെന്ന് കണ്ടെത്തുന്ന ജീവനക്കാർക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
ഡിപ്പോകളിലുള്ള പരിശോധനയ്ക്കുപുറമേ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തിൽ ട്രിപ്പിനിടയിൽ നടത്തുന്ന പരിശോധനയും കൂടുതൽ കർശനമാക്കും.
നേരത്തേ ദീർഘദൂര സർവീസ് നടത്തുന്ന ഏതാനും ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് മറ്റുബസുകളിലും ഘട്ടംഘട്ടമായി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി അധികൃതർ ആവിഷ്കരിച്ചുവരുകയാണ്. ഉടൻ പൂർത്തിയാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.