ബെംഗളൂരു : മലിനജലം ശുദ്ധീകരിച്ച് ജലനിരപ്പ് കുറഞ്ഞ തടാകങ്ങളിൽ നിറയ്ക്കാൻ പദ്ധതിയുമായി ബെംഗളൂരു കോർപ്പറേഷൻ.
നഗരത്തിലെ പാർപ്പിടസമുച്ചയങ്ങളിലും വാണിജ്യസ്ഥാപനങ്ങളിലുമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽനിന്നാണ് ഇതിനായി വെള്ളം ശേഖരിക്കുക.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ പ്രാഥമികചർച്ചകൾ തുടങ്ങിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ഭൂഗർഭ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷ.
ബെല്ലന്ദൂർ, വർത്തൂർ, നയന്തനഹള്ളി, ഹീരോഹള്ളി, അത്തൂർ, ജക്കൂർ തുടങ്ങിയ തടാകങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക.
പിന്നീട് മറ്റു തടാകങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
നിലവിൽ ഭൂഗർഭജലനിരപ്പ് കുറഞ്ഞതിനാൽ നഗരത്തിലെ 50 ശതമാനത്തോളം കുഴൽക്കിണറുകളിൽനിന്ന് വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്.
ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ജലക്ഷാമം വീണ്ടും രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
നഗരത്തിലെ വ്യവസായസ്ഥാപനങ്ങളുടെയും ഐ.ടി. കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ജലക്ഷാമം ബാധിച്ചേക്കും.
ഇതിനോടകം കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാനും കുഴൽക്കിണറുകളുടെ അറ്റകുറ്റപ്പണി നടത്താനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
കുടിവെള്ളമുപയോഗിച്ച് കാർ കഴുകുന്നതും ചെടികൾ നനയ്ക്കുന്നതും ബെംഗളൂരു കോർപ്പറേഷൻ ഇതിനോടകം നിരോധിച്ചിട്ടുണ്ട്.
ഇത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ 5000 രൂപയാണ് പിഴ.
ജലക്ഷാമം നേരിടാൻ നഗരത്തിലെ ഓരോ നിയോജകമണ്ഡലത്തിനും 10 കോടിരൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇതിനുപുറമേ ബെംഗളൂരു കോർപ്പറേഷന് 148 കോടിരൂപയും ജലവിതരണകമ്പനിയായ ബി.ഡബ്ല്യു.എസ്.എസ്.ബി.ക്ക് 132 കോടിയും അനുവദിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.