ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ആ 19 മത്സരാര്‍ഥികൾ ആരൊക്കെ? പൂർണ വിവരം അറിയാൻ വായിക്കാം

മലയാളത്തില്‍ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്‍റെ സീസണ്‍ 6 ന് ആവേശകരമായ തുടക്കം.

കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍.

രണ്ട് കോമണര്‍ മത്സരാര്‍ഥികള്‍ ഉള്‍പ്പെടെ ആകെ 19 മത്സരാര്‍ഥികളാണ് ആദ്യ ദിനം ഹൗസിലേക്ക് കയറിയിരിക്കുന്നത്. ഈ സീസണിലെ 19 മത്സരാര്‍ഥികളെക്കുറിച്ച് അറിയാം.

1. യമുന റാണി

സീരിയല്‍, സിനിമാ പ്രേക്ഷകര്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് യമുന റാണി. ഒരു കാലത്ത് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിറഞ്ഞുനിന്നിരുന്ന താരത്തിന്‍റെ ഫിലിമോഗ്രഫിയില്‍ മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളൊക്കെയുണ്ട്.

2. അന്‍സിബ ഹസന്‍

ദൃശ്യത്തിലെ ജോര്‍ജ് കുട്ടിയുടെ മൂത്തമകള്‍ എന്ന പരിചയപ്പെടുത്തല്‍ മാത്രം മതിയാവും എത്ര കാലം കഴിഞ്ഞാലും ഈ നടിയെ പരിചയപ്പെടുത്താന്‍. കോഴിക്കോട് സ്വദേശിയായ അന്‍സിബ സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ്.

3 ജിന്‍റോ

പേരുകേട്ട സെലിബ്രിറ്റി ഫിറ്റ്‍നെസ് ട്രെയ്‍നര്‍. ഐപിഎസ് ഓഫീസര്‍മാര്‍ക്കും നിരവധി സിനിമാ താരങ്ങള്‍ക്കും ഫിറ്റ്‍നെസ് ട്രെയ്‍നിംഗില്‍ മാര്‍ഗദര്‍ശിയാണ് ജിന്റോ. മോഡല്‍ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് ജിന്റോ.

4. ഋഷി എസ് കുമാര്‍

ഋഷി എസ് കുമാര്‍ എന്ന യഥാര്‍ഥ പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും മുടിയന്‍ എന്ന് കേട്ടാല്‍ മനസിലാവും. അതെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകപ്രിയം നേടിയ അഭിനേതാവ് ഋഷി സീസണ്‍ 6 ലെ ഒരു മത്സരാര്‍ഥിയാണ്. ഡി 4 ഡാൻസ് എന്ന ഷോയിലൂടെയായിരുന്നു ഋഷി നൃത്തത്തിലെ പ്രാവീണ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

5. ജാസ്മിന്‍ ജാഫര്‍

സോഷ്യല്‍ മീഡിയയിലൂടെ ഏറെ പേര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ഇന്‍സ്റ്റഗ്രാം വീഡിയോകളിലൂടെയാണ് ജാസ്മിന്‍ താരമായി മാറുന്നത്. 1.15 മില്ല്യണ്‍ സബ്സ്ക്രൈബേര്‍സ് ഉള്ള ഒരു യൂട്യൂബ് ചാനല്‍ ജാസ്മിനുണ്ട്. ഫാഷന്‍, ബ്യൂട്ടി ടിപ്പുകള്‍, സാമൂഹ്യ സേവനം ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ജാസ്മിന്‍ ജാഫര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ അര മില്ല്യണോളം ഫോളോവേര്‍സ് ഇന്‍സ്റ്റഗ്രാമിലും ഉണ്ട്.

6. സിജോ ജോണ്‍ (സിജോ ടോക്സ്)

സോഷ്യല്‍ മീഡിയയില്‍ അതാത് സമയങ്ങളില്‍ ലൈവ് ആയി നില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ റിയാക്ഷന്‍ വീഡിയോകളിലൂടെ സിജോയെ നിങ്ങളില്‍ പലരും കണ്ടിരിക്കും. വ്ലോഗിന് പുറമെ മോഡലിംഗിലും ഫിറ്റ്നസിലും തല്‍പരനാണ് സിജോ. കൊവിഡ് കാലത്താണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയതും അവ ജനപ്രീതി നേടിയതും.

7. ശ്രീതു കൃഷ്ണൻ

ശ്രീതു കൃഷ്ണൻ എന്ന പേര് കേട്ടാല്‍ മനസിലാവാത്തവര്‍ക്കും അലീന ടീച്ചർ (അലീന പീറ്റർ) എന്ന് കേട്ടാല്‍ ആളെ മനസിലാവും. ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര അമ്മയറിയാതെയിലൂടെയാണ് ശ്രീതു ജനപ്രീതിയുടെ ഉയരങ്ങളില്‍ എത്തുന്നത്.എറണാകുളം സ്വദേശിയാണ് ശ്രീതു.

8. ജാന്‍മോണി ദാസ്

വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മോണി ഇന്ന് കേരളത്തിലെ ഏറ്റവും പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നസ്രിയ നസീം, നേഹ സക്സേന, രഞ്ജിനി ഹരിദാസ്, ശോഭ വിശ്വനാഥ്, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ നീളുന്നു ഇന്ന് വിനോദ വ്യവസായ മേഖലയിലെ ജാന്‍മോണിയുടെ ക്ലയന്‍റ് ലിസ്റ്റ്.

9. ശ്രീരേഖ

കുട്ടിക്കാലത്തേ കലാഭിരുചി പ്രകടിപ്പിച്ചിരുന്ന ശ്രീരേഖയ്ക്ക് കലോത്സവമാണ് പ്രകടനങ്ങള്‍ക്കുള്ള ആദ്യ വേദികള്‍ നല്‍കിയത്. പിന്നീട് സീരിയലുകളിലും സിനിമകളിലെ ചെറുവേഷങ്ങളിലും അഭിനയിച്ചു. സൈക്കോളജിയില്‍ ബിരുദ പഠനത്തിന് ശേഷം താരം ശിശുക്ഷേമ സമിതിയില്‍ സൈക്കോളജിസ്റ്റായും പ്രവര്‍ത്തിച്ചു. അക്കാലത്ത് ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഷെയ്‍ൻ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിലൂടെ മികച്ച സഹ നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടി.

10. അസി റോക്കി

ബിഗ് ബോസ് മലയാളത്തിലേക്ക് വരുന്ന ആദ്യ ടാറ്റൂ ആര്‍ട്ടിസ്റ്റ്. കിക് ബോക്സിംഗ് ചാമ്പ്യന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെടുന്ന അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ആള് കൂടിയാണ്. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരൻ ആയ റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ മാനേജിംഗ് ഡയറക്ടർ ആണ്.

11. അപ്‍സര രത്‍നാകരന്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സീരിയലുകളിലൊന്നായ സാന്ത്വനത്തിലെ ജയന്തിയെ അവതരിപ്പിച്ച അപ്സര ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തുകാരിയായ അപ്‍സര മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചയാളാണ്.

12. ഗബ്രി ജോസ്

അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എന്‍ജിനീയര്‍ കൂടിയാണ്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി.

13. നോറ മുസ്‌കാൻ

കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡല്‍ ഇങ്ങനെയൊക്കെ നോറയെ പരിചയപ്പെടുത്താം. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്

14. അര്‍ജുന്‍ ശ്യാം ഗോപന്‍

2020 ലെ മിസ്റ്റര്‍ കേരള. മോഡലിംഗ് എന്നത് അര്‍ജുനെ സംബന്ധിച്ച് ഒരു പാഷനാണ്. ഒരു ജൂഡോ പ്ലേയര്‍ കൂടിയായ അര്‍ജുന്‍ ആ ഇനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ മത്സരിച്ചിട്ടുമുണ്ട്.

15. സുരേഷ് മേനോൻ

ഭ്രമരം എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ണികൃഷ്ണന്‍ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍. മുംബൈ മലയാളിയായ ഇദ്ദേഹം അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറെയും ഹിന്ദിയില്‍.

16. ശരണ്യ ആനന്ദ്

കുടുംബവിളക്കിലെ വേദികയെന്ന ശരണ്യ ആനന്ദ് ബിഗ് സ്ക്രീനിലുണ്ട് ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകിയുമാണ്.

17. രതീഷ് കുമാര്‍

ടെലിവിഷൻ അവതാരകൻ, ഗായകൻ, നടൻ തുടങ്ങിയ വിശേഷണങ്ങള്‍ക്ക് പുറമേ മിമിക്രി കലാകാരൻ കൂടിയാണ് രതീഷ്. തൃശൂര്‍ സ്വദേശി.

18. നിഷാന എന്‍

ഇത്തവണത്തെ കോമണര്‍ മത്സരാര്‍ഥികളില്‍ ഒരാള്‍. കോതമംഗലം സ്വദേശിയും മൂന്ന് മക്കളുടെ അമ്മയുമായ നിഷാനയ്ക്ക് യാത്രകള്‍ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇപ്പോള്‍. ട്രെക്കിംഗ് ഫ്രീക്കി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ.

19. റസ്മിന്‍ ബായ്‍

മറ്റൊരു കോമണര്‍ മത്സരാര്‍ഥി. സെന്റ് തെരേസാസ് കോളേജില്‍ കായികാധ്യാപികയും ബൈക്ക് റൈഡറുമാണ് റസ്മിന്‍. കൊച്ചി സ്വദേശി. അറിയപ്പെടുന്ന ഒരു കബഡി താരവുമാണ്. കബഡിയിലുള്ള താല്‍പര്യത്താലാണ് പ്ലസ് ടുവിന് ശേഷം റസ്‍മിൻ ഫിസിക്കല്‍ എജ്യൂക്കേഷന്‍ പഠനത്തിലേക്ക് തിരിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us