ബെംഗളൂരു : നികുതിവരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്റ്റാമ്പുഡ്യൂട്ടി കുത്തനെ ഉയർത്തി സംസ്ഥാനം.
ഇത് ലക്ഷ്യമിട്ടുള്ള കർണാടക സ്റ്റാമ്പ്(ഭേദഗതി)ബിൽ റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ നിയമസഭയിൽ അവതരിപ്പിച്ചു.
ഇതോടെ രണ്ടുമുതൽ ആറിരട്ടിവരെയാണ് കരാറുകൾ, പവർ ഓഫ് അറ്റോർണി, സത്യവാങ് മൂലം തുടങ്ങിയവയ്ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടിയിലെ വർധന.
- ദത്തെടുക്കൽകരാർ രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി 500-ൽനിന്ന് ആയിരം രൂപയാകും.
- സമ്മതപത്രങ്ങളുടേത് 20 രൂപയിൽനിന്ന് 100 രൂപയായി ഉയരും.
- പവർ ഓഫ് അറ്റോർണിയുടേത് 100-ൽനിന്ന് 500 ആയി ഉയരും.
- വിവാഹമോചനത്തിനുള്ള രേഖകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയുൾപ്പെടെ വർധിക്കും.ഇത് നിലവിലുള്ള നൂറു രൂപയിൽനിന്ന് 500 ആക്കാനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.
- ട്രസ്റ്റുകൾ രജിസ്റ്റർ ചെയ്യാനുളള സ്റ്റാമ്പുഡ്യൂട്ടി ആയിരംരൂപയിൽനിന്ന് രണ്ടായിരമാക്കാനും വ്യവസ്ഥ ചെയ്യുന്നു.
- ബിൽപ്രകാരം സ്വത്ത് വീതംവെക്കുമ്പോൾ തയ്യാറാക്കുന്ന ഭാഗപത്രത്തിന് ഓരോഅംഗങ്ങളും നൽകേണ്ട സ്റ്റാമ്പുഡ്യൂട്ടി നഗരപരിധിയിൽ നിലവിലുള്ള ആയിരംരൂപയിൽനിന്ന് അയ്യായിരം രൂപയായി വർധിപ്പിക്കും.
- നഗരപരിധിക്ക് പുറത്ത് നിലവിലുള്ള 500 രൂപയിൽനിന്ന് മൂവായിരം രൂപയായും ഉയരും.
- കാർഷിക ഭൂമിയുടെ ഭാഗപത്രത്തിന് സ്റ്റാമ്പ് ഡ്യൂട്ടി നിലവിലുള്ള 250 രൂപയിൽനിന്ന് ആയിരം രൂപയാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.