അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു.
റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് ദാരുണസംഭവം. തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്നതിനായി വീട്ടിലെ ചെറിയ മുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഉരുളക്കിഴങ്ങ്.
പച്ചക്കറികൾ എടുക്കാനായി പോയപ്പോഴായിരുന്നു ദാരുണ സംഭവം. കുടുംബത്തിലെ ഇളയമകളായ എട്ടു വയസ്സുകാരി മാത്രം രക്ഷപ്പെട്ടു.
പച്ചക്കറി എടുക്കാനായി ആദ്യം കയറിയത് ഗൃഹനാഥനായ മിഖായേൽ ചെലിഷേവ്(42) ആണ്. അറിയപ്പെടുന്ന നിയമ പ്രഫസറായ അദ്ദേഹം അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങളിൽനിന്ന് വിഷവാതകം ശ്വസിച്ച് ബോധരഹിതനായി.
വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായും പൊലീസ് അറിയിച്ചു.
മിഖായേൽ തിരികെ വരാത്തതിനെ തുടർന്ന് തിരഞ്ഞു പോയതാണ് ഭാര്യ അനസ്താസിയ(38). ഇവർക്കും ഇതേ അനുഭവം തന്നെയുണ്ടായി.
മാതാപിതാക്കൾ ഏറെ നേരമായിട്ടും പുറത്തേക്ക് വരാത്തതിൽ പരിഭ്രമിച്ച് അവിടേക്ക് പോയ മതൻ ജോർജിക്കും (18) മരണം സംഭവിച്ചു.
മുറിക്കുള്ളിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയ അനസ്താസിയയുടെ മാതാവ് ഇറൈഡ അയൽവാസികളെ സഹായത്തിനായി വിളിച്ചു.
എന്നാൽ അവർ വരുന്നതുവരെ കാത്തിരിക്കാതെ ഇറൈഡയും അകത്തു കയറി. അവരും വിഷവാതകം ശ്വസിച്ച് മരിച്ചു.
മിഖായേലിന്റെയും അനസ്താസിയയുടെയും ഇളയ മകളായ മരിയ ഈ മുറിയിൽ കയറാതിരുന്നതിനാൽ രക്ഷപ്പെട്ടെങ്കിലും അവൾ അനാഥയായി.
വീട്ടിലെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. വൈദ്യ പരിശോധനയിലാണ് അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.