ഡൽഹി: അരിക്കൊമ്പനെ മയക്ക് വെടിവെക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു.
അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കി. ആന എവിടെയുണ്ടെന്ന് എന്തിനാണ് ചോദിക്കുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
അരിക്കൊമ്പനെ തിരികെ കേരളത്തിലെത്തിക്കണം, ആനയ്ക്ക് ഇനി മയക്കുവെടിവെക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന സാഹചര്യമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് 25000 രൂപ പിഴയിടുകയായിരുന്നു.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും ആനയുടെ തുമ്പിക്കൈയില്‍ മുറിവുണ്ടെന്നുമാണ് ഹര്‍ജിയില്‍ പറയുന്നു. ആന കാട്ടില്‍ എവിടെയെന്ന് എന്തിനാണറിയുന്നതെന്നായിരുന്നു രൂക്ഷഭാഷയില്‍ കോടതിയുടെ ചോദ്യം.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജികള്‍ വരുന്നുണ്ടെന്നും കോടതി വിമര്‍ശിച്ചു.
അരിക്കൊമ്പന് വേണ്ടിയുള്ള ഹര്ജികളോട് സുപ്രീംകോടതി മുഖംതിരിക്കുന്നത് എന്തുകൊണ്ടെന്ന് അഭിഭാഷകന് ചോദിച്ചതാണ് പിഴയിടാന്‍ കാരണമായത്.
പിഴ പിന്‍വലിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
അതേസമയം അരിക്കൊമ്പന് വിഷയവുമായി ബന്ധപ്പെട്ട് സി.ആര് നീലകണ്ഠന് അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയായിരുന്നു ഹര്‍ജി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.