സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം മുട്ടയോ പഴമോ നല്കാൻ സർക്കാർ ഉത്തരവ് 

ബെംഗളൂരു: ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു.

 

എച്ച്‌.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാല്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കിയിരുന്നു.

എന്നാല്‍, പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് മുട്ട നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിരന്തരം വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

മുട്ട നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുമെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ആവശ്യമായ പോഷകം കിട്ടണമെങ്കില്‍ നിര്‍ബന്ധമായും മുട്ട നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകരടക്കം വാദിച്ചു.

തീവ്രഹിന്ദുത്വ സംഘടനകള്‍ മുട്ട വിതരണത്തിനെതിരെയും നിലപാടെടുത്തിരുന്നു. മുൻ സര്‍ക്കാറിന്റെ കാലത്ത് ഫണ്ട് നല്‍കാത്തത് അടക്കമുള്ള കാരണങ്ങളാല്‍ പല സ്കൂളുകളിലും മുട്ട വിതരണം നിലച്ചിരുന്നു.

ഇതോടെയാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ മുട്ട, അല്ലെങ്കില്‍ നേന്ത്രപ്പഴം എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്ന് പുതുതായി ഉത്തരവിട്ടിരിക്കുന്നത്.

സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ എയ്ഡഡ് -നോണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും അയച്ചു.

മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് നേന്ത്രപ്പഴമോ നിലക്കടല കൊണ്ടുള്ള മിഠായിയോ നല്‍കണം. ആഗസ്റ്റ് 20 മുതല്‍ ആഴ്ചയിലൊരിക്കല്‍ ഇത്തരത്തില്‍ മുട്ടയോ പഴമോ നല്‍കുന്നത് തുടങ്ങണം.

ഒന്നിന് എട്ടുരൂപ എന്ന നിരക്കിലാണ് സ്കൂളുകള്‍ മുട്ട, പഴം, കടലമിഠായി എന്നിവ വാങ്ങേണ്ടത്. ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ഉച്ചഭക്ഷണത്തില്‍ ചോളവും ചെറുപയറും ഉള്‍പ്പെടുത്തുകയും ചെയ്യും.

വര്‍ഷത്തില്‍ 46 ദിവസം മുട്ടകള്‍ നല്‍കുന്നത് 80 ദിവസങ്ങളായി കൂട്ടും. കുട്ടികളില്‍ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പരിഷ്കാരം വരുത്തുന്നത്.

ചോളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നത് കഴിഞ്ഞ വര്‍ഷം മുതല്‍ ആലോചനയിലുള്ളതാണ്.

എന്നാല്‍ ചെറുപയര്‍ ആദ്യമായാണ് ഉച്ചഭക്ഷണത്തില്‍ ഇടംപിടിക്കുന്നത്. മുത്താറിയും അരിച്ചോളവും ഭക്ഷണത്തില്‍ വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

പാല്‍ പൂര്‍ണമായും പോഷകസമൃദ്ധമല്ലെന്നും ഇതിനാലാണ് ചെറുപയര്‍ ഉള്‍പ്പെടുത്താൻ തീരുമാനിക്കുന്നതെന്നും പൊതുവിപണിയില്‍ നിന്ന് ചെറുപയര്‍ പ്രാപ്യമായ വിലയില്‍ ലഭിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയാണെന്നും അധികൃതര്‍ പറയുന്നു.

ചോളവും ചെറുപയറും നല്‍കുന്ന ദിവസം ചോറും ഗോതമ്ബും നല്‍കാത്ത രൂപത്തില്‍ ക്രമീകരണം വരുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us