കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും യുഡിഎഫ് സെക്രട്ടറി സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ജോണി നെല്ലൂര്‍ അറിയിച്ചു. ദേശീയ തലത്തില്‍ നില്‍ക്കുന്ന ഒരു മതേതര പാര്‍ട്ടി രൂപീകരിക്കുമെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ലക്ഷ്യമെന്ന് ജോണി നെല്ലൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. കര്‍ഷകര്‍ക്കു വേണ്ടി ശബ്ദിക്കുന്ന ദേശീയ കാഴ്ചപ്പാടുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് പുതിയ പാര്‍ട്ടി എന്ന ആശയത്തിലേക്ക് പ്രേരിപ്പിച്ചതെന്നും ജോണി നെല്ലൂര്‍ വിശദീകരിക്കുന്നു. എല്ലാ സമുദായത്തില്‍പ്പെട്ട ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മതേതര പാര്‍ട്ടിയാകും രൂപീകരിക്കുക. സിപിഐ, സിപിഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് നേതൃത്വത്തിനെതിരെയും വലിയ വിമര്‍ശനമാണ് ജോണി നെല്ലൂര്‍ ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കാലത്തെ പരിഗണന ഇപ്പോള്‍ ലഭിക്കുന്നില്ല. യുഡിഎഫ് ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പിന്തുണയോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം നിലനില്‍ക്കെയാണ് ജോണി നെല്ലൂരിന്റെ പ്രഖ്യാപനം. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരണമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. പ്രധാനമന്ത്രി എത്തുന്നതിനു മുന്‍പ് പ്രഖ്യാപനമുണ്ടാകും. പുതിയ പാര്‍ട്ടി എന്‍ഡിഎയുമായി കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.