ഇനി റമ്മി കളിച്ചാല്‍ തടവും പിഴയും!! ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

ചെന്നൈ: റമ്മി കളിച്ചാല്‍ ഇനി മൂന്ന് മാസം തടവും 5000 രൂപ പിഴയും. ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഒപ്പിട്ടു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ പണം നഷ്ടമാകുന്നതും ചെറുപ്പക്കാര്‍ ജീവനൊടുക്കുന്നതും പതിവായതോടെയാണ് പുതിയ ബില്‍ ഒപ്പിട്ടത്. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവര്‍ണര്‍ ആര്‍.എന്‍ രവി ബില്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവന്‍ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നല്‍കാതെ വച്ചിരുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത്.

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളില്‍ പണം നഷ്ടമാകുന്ന ചെറുപ്പക്കാര്‍ ജീവനൊടുക്കുന്നത് തമിഴ്‌നാട്ടില്‍ പതിവായതോടെയാണ് സൈബര്‍ ചൂതാട്ടങ്ങള്‍ നിരോധിക്കാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 ന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഈ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. തുടര്‍ന്ന് ഒക്ടോബര്‍ 19 ന് തമിഴ്നാട് നിയമസഭ ഓണ്‍ലൈന്‍ ചൂതാട്ടനിരോധന ബില്‍ ഏകകണ്ഠമായി പാസാക്കി. പക്ഷേ മാസങ്ങളോളം ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ മൗനം തുടര്‍ന്നു. ഒടുവില്‍ ഇങ്ങനെയൊരു നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചു. കഴിഞ്ഞ മാസം 23 ന് ബില്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയെന്ന അപൂര്‍വ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയിട്ടും ഗവര്‍ണര്‍ കുലുങ്ങിയില്ല. പഴയപടി ഒരുമാസം ബില്‍ വച്ചുതാമസിപ്പിച്ചു.

ബില്ലുകള്‍ ഒപ്പിടുന്നതില്‍ സമയപരിധി നിശ്ചയിക്കാന്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും ഇടപെടണം എന്ന ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് നിയമസഭ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കി. രണ്ടാം തവണയാണ് ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രമേയം പാസാക്കിയത്. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ രാജ്ഭവന് സര്‍ക്കാര്‍ നല്‍കുന്ന തുക ഗവര്‍ണര്‍ വകമാറ്റി ചില വഴിക്കുകയാണെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ആരോപണം ഉന്നയിച്ചു.

ഭരണഘടനാ സ്ഥാപനമായ രാജ്ഭവനില്‍ നിന്നും അടുത്തിടെ രാഷ്ട്രീയനീക്കങ്ങള്‍ മാത്രമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇത്തരമൊരു പ്രമേയം പാസാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈന്‍ റമ്മി നിരോധന ബില്ലിന് ഗവര്‍ണര്‍ അംഗീകാരംനല്‍കി. ഇനി മുതല്‍ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി കളിയ്ക്കുന്നത് മൂന്ന് മാസം തടവും 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാകും. ലക്ഷകണക്കിനാളുകള്‍ ഭാഗായ റമ്മി കളിയില്‍ ഓരോ ദിവസവും കോടികളാണ് മറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us