ബെംഗളൂരു : വിവാഹവേദിക്കുസമീപം രക്തദാന ക്യാമ്പ് നടത്തി വ്യത്യസ്തനായി മലയാളിയായ 57-കാരൻ. രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിയായ ബി. രാജശേഖരനാണ് ഞായറാഴ്ച മകൾ ശ്രദ്ധയുടെയും സുബ്രഹ്മണ്യന്റെയും വിവാഹവേദിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വിഭൂതിപുര എസ്.ജെ.പി. കല്യാണ മന്ദിരമാണ് ഒരേസമയം വിവാഹവേദിയും രക്തദാന ക്യാമ്പ് വേദിയുമായത് ലയൺസ് ക്ലബ്ബുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.
1985- മുതൽ ബെംഗളൂരുവിൽ താമസിക്കുന്ന സിവിൽ കോൺട്രാക്ടറായ രാജശേഖരൻ രാജശേഖരൻ തന്റെ 57 വയസ്സിനിടെ 62- തവണ രക്തംദാനം ചെയ്തിട്ടുണ്ട് . മറ്റുള്ളവർക്ക് പ്രചോദനമാകാനും രക്തദാനത്തെക്കുറിച്ച് ബോധവത്കരണവും ലക്ഷ്യമിട്ടാണ് മകളുടെ വിവാഹത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. വിവാഹവേദിയോട് ചേർന്ന് നിർത്തിയിട്ട ലയൺസ് ക്ലബ്ബിന്റെ വാനിൽ വെച്ചായിരുന്നു രക്തദാനം. രക്തം കൊടുത്തിട്ട് 90 ദിവസമാകാത്തതിനാൽ രാജശേഖരന് ഇത്തവണ രക്തം കൊടുക്കാൻ കഴിഞ്ഞില്ല. എന്നാൽ പത്തുപേർ രക്തദാനത്തിന് തയ്യാറായി. പത്ത് യൂണിറ്റ് രക്തമാണ് ഇതോടെ ശേഖരിച്ചത്.
രാജശേഖരൻ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി രക്തം ദാനം ചെയ്യുന്നു. 1989-ലാണ് ആദ്യം രക്തം ദാനം ചെയ്തത്. അന്ന് മണിപ്പാൽ ആശുപത്രിക്കു മുന്നിൽ ഒരുരോഗിക്കുവേണ്ടി രക്തം അന്വേഷിച്ചു നടക്കുകയായിരുന്ന മലയാളിക്കു വേണ്ടിയായിരുന്നു അത്. പിന്നീട് നിരവധി തവണ രക്തം ദാനം ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.