‘പഴങ്ങളും ഡ്രൈഫ്രൂട്ട്‌സും നൽകാനാണ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത്’

ലക്ഷദ്വീപ്: കുട്ടികൾക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകുന്നതിനാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ്, ചിക്കൻ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണത്തെ ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. മാംസാഹാരം വൃത്തിയായി സൂക്ഷിക്കാനും ദ്വീപിലേക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടാണെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കടുത്ത സാമ്പത്തിക നഷ്ടം കാരണമാണ് കവരത്തി, മിനിക്കോയ് ദ്വീപുകളിലെ ഡയറി ഫാമുകൾ അടച്ചുപൂട്ടിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും പോഷകാഹാരം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകളുടെ ഉച്ചഭക്ഷണ മെനുവിലെ പരിഷ്കരണം. അതും വിപുലമായ ചർച്ചകൾക്കൊടുവിൽ. മത്സ്യം, മുട്ട, മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം, നേരത്തെ മെനുവിൽ ഇല്ലാതിരുന്ന പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും ഉൾപ്പെടുത്താനും വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മെനു പരിഷ്കരണം കൊണ്ടുവന്നത്. പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുകളും ഉൾപ്പെടുത്തിയപ്പോൾ ചിക്കനും മറ്റ് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും ഒഴിവാക്കിയെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.

ലക്ഷദ്വീപിലെ മിക്ക വീടുകളിലും ചിക്കൻ ഉൾപ്പെടെയുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണം ദിവസേന ഉപയോഗിക്കുന്നുണ്ട്. എന്നാൽ പഴങ്ങളും, ഡ്രൈ ഫ്രൂട്ട്‌സും സാധാരണയായി കഴിക്കുന്നത് കുറവാണ്. കുട്ടികളെ സ്കൂളിൽ പോകാൻ പ്രേരിപ്പിക്കുന്നതിന് കൂടിയാണ് മെനു പരിഷ്കരിച്ചത്. മുമ്പത്തെ മെനുവിൽ ചിക്കൻ ഉൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണം ഉണ്ടായിരുന്നു, പക്ഷേ അവ ലഭ്യമല്ലാത്തതിനാൽ പലപ്പോഴും നൽകിയിരുന്നില്ല. എന്നാൽ, മത്സ്യം, മുട്ട, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ദ്വീപിൽ തടസ്സമില്ലാതെ നൽകാൻ ലഭ്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് ഒരു സന്നദ്ധ സംഘടനയെ ഏൽപ്പിക്കാൻ പദ്ധതിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാംസാഹാരം ഒഴിവാക്കാൻ തീരുമാനിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ പങ്കെടുത്തില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us