ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നോക്കി കാണുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പുണ്ടെന്നും ആ അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടി തന്ത്രത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം ഡികെ ശിവകുമാര്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗര്‍ബല്യങ്ങള്‍, ഏറ്റെടുക്കേണ്ട വിഷയങ്ങള്‍, നമ്മള് എടുത്തുപറയേണ്ട സര്‍ക്കാരിന്റെ പരാജയങ്ങള്‍ എന്നിവയെക്കുറിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി വിശദമായ സര്‍വേ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളും പരിശോധിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഈ വിഷയങ്ങളെല്ലാം രാഹുല്‍ ഗാന്ധിയുമായി വിശദമായി ചര്‍ച്ച ചെയ്തെന്നാണ് ഡികെ ശിവകുമാര്‍ വ്യക്തമാക്കുന്നത്.
ഒരു സമയത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്ന സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ഞങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഞങ്ങളുടെ അംഗബലം മെച്ചപ്പെടുകയാണ്. മറ്റ് പാര്‍ട്ടികളുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് ഞങ്ങളുടെ നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും ഡികെഎസ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളില്‍ (കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍) മാണ്ഡ്യ, തുംകുരു, കോലാര്‍ എന്നിവ നേരത്തെ ഞങ്ങളുടെ കൈവശമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സീറ്റുകളിലെല്ലാം ഞങ്ങള്‍ വിജയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പോലും ഞങ്ങള്‍ക്ക് വോട്ട് ചെയ്തു. ഇത് കോണ്‍ഗ്രസിന്റെ വിജയത്തിന്റെ വലിയ സൂചനകളാണ് നൽകുന്നത് കോണ്‍ഗ്രസ് വിവിധ തരത്തിലുള്ള സര്‍വേകള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അതില്‍ നിന്നും ലഭിച്ച നമ്പറുകളിൽ ഞങ്ങള്‍ സംതൃപ്തരാണെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.