ബെംഗളൂരു : ആധാറും വോട്ടർ ഐഡിയും ഉൾപ്പെടെ വ്യാജമായി തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, അനധികൃതമായി നുഴഞ്ഞു കയറി നഗരത്തിൽ തമ്പടിച്ചിരിക്കുന്ന ബംഗ്ലദേശികളെ പിടികൂടാനായി പോലീസ് പ്രത്യേക സംഘത്തിനു രൂപം നൽകി. മാടനായകനഹള്ളിക്കു സമീപം ഹൊട്ടപ്പനപാളയയിൽ നിന്ന് 2 ബംഗ്ലദേശികൾ ഉൾപ്പെടെ 9 പേർ ഉൾപ്പെട്ട റാക്കറ്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഈ സംഘത്തിലെ 5 പേരെ കൂടി അറസ്റ്റ് ചെയ്യാനാണ് അന്വേഷണം വ്യാപിപ്പിച്ചത്.
എംടിഎം കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ എത്തിച്ചത്. ബംഗ്ലദേശികളായ ഷഹീദ് അഹമ്മദ് സഹായി അമൻ അലീം എന്നിവർക്കു പുറമേ പ്രദേശവാസികളായ സുഹൈൽ അഹമ്മദ്, മുഹമ്മദ് ഹിദായത്ത്, മുഹമ്മദ് അമീൻ സേട്ട്, രാകേഷ്, ആയിഷ, സയദ് മുൻസൂർ, ഇഷ്തിയാഖ് പാഷ എന്നിവരാണ് അറസ്റ്റിലായത്.
സംഘ തലവൻ ധാക്ക സ്വദേശി ഷഹീദ് അഹമ്മദ് ഹൊട്ടപ്പനപാളയയിൽ 2011 മുതൽ പ്ലാസ്റ്റിക് ആക്രി സാധനങ്ങളൂടെ വ്യാപാരം നടത്തുകയാണെന്നും പോലീസ് കണ്ടെത്തി. ഇയാൾക്കായി നഗരത്തിൽ നിന്ന് ആക്രി സാധനങ്ങൾ പെറുക്കാനാണ് ബംഗ്ലദേശിൽ നിന്നു ത്രിപുര വഴി കടത്തിക്കൊണ്ടു വരുന്നവരെ ഉപയോഗിച്ചിരുന്നത്. ഇവരുടെ ശമ്പളം ബംഗ്ലദേശിലേക്ക് അയയ്ക്കുകയാണ് പതിവ്. 4 കോടിയോളം രൂപ ബംഗ്ലദേശി കറൻസിയാക്കി കഴിഞ്ഞ ഒരു വർഷത്തിനിടെ 13 ബാങ്ക് അക്കൗണ്ടുകൾ മുഖേന നിക്ഷേപിച്ചതിനും പോലീസിന് തെളിവു ലഭിച്ചു.
ഷഹീദ് അഹമ്മദിന്റെ സഹായി അബ്ദുൽ അലീമാണ് ഇവർക്കായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു നൽകിയത്. 500 രൂപ ഇതിനായി ഈടാക്കുകയും ചെയ്തിട്ടുണ്ട്. ബൗറിങ് ആശുപത്രിയുടെ വ്യാജ സീൽ, 26 ഗസറ്റഡ് ഓഫിസർമാരുടെ വ്യാജ ലെറ്റർ ഹെഡ്, 16 മൊബൈൽ ഫോണുകൾ, 31 ആധാർ കാർഡുകൾ, 13 പാൻ കാർഡുകൾ, 28 വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയവയും സംഘത്തിൽ നിന്നു പോലീസ് കണ്ടെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.