ബെംഗളൂരു: മെട്രോ നിർമാണം പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡിലെ യാത്ര നരകതുല്യമായിട്ട് മാസങ്ങളേറെയായി. മഴയിൽ റോഡ് തകർന്ന് ചെളിക്കുളമായി മാറിയിരിക്കുന്ന സിൽക്ക്ബോർഡ്–കെആർ പുരം ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. കാലവർഷം കനത്തതിനെ തുടർന്ന് ടാറിങ് തകർന്ന് നിരത്തു മുഴുവൻ അപകടക്കുഴികളാണ്. ജീവൻ പണയംവച്ചു വേണം ഈ വഴി യാത്ര ചെയ്യാൻ.
ഓഫിസ് സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറിലധികം കുരുങ്ങി കിടക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്.
ഒട്ടേറെ ഐടി ടെക് പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിതും ഗതാഗത കുരുക്ക് കൂടാൻ ഒരു കാരണം തന്നെയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വർക് ഫ്രം ഹോം സംവിധാനം അവസാനിച്ച് ഓഫിസുകൾ പൂർണതോതിൽ തുറന്നതോടെയാണ് വഴിക്കുരുക്ക് കൂടുതൽ രൂക്ഷമായത്.
മെട്രോ നിർമാണത്തിന്റെ ഭാഗമായി ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത് പലയിടങ്ങളിലും റോഡിന്റെ വീതി പകുതിയോളം കുറയ്ക്കാനിടയാക്കി. സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെ 18.2 കിലോമീറ്ററാണ് മെട്രോ നിർമാണം പുരോഗമിക്കുന്നത്. നേരത്തെ ബിഎംടിസി ബസുകൾക്കായി ബസ് ലെയ്ൻ വേർതിരിച്ചിരുന്നെങ്കിലും വാഹനക്കുരുക്കും അപകടങ്ങളും വർധിച്ചതോടെ ഏപ്രിലിൽ ഇതിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് തൂണുകൾ ( ബൊള്ളാർഡുകൾ )നീക്കുകയായിരുന്നു. ട്രാഫിക് പോലീസിന്റെ ഏറെക്കാലത്തെ നിർദേശം മാനിച്ചായിരുന്നു നടപടി. നമ്മ മെട്രോ പണി പൂർത്തിയാകുന്നതു വരെ ഇവിടെ ബൊള്ളാർഡുകൾ പുനഃസ്ഥാപിക്കില്ലെന്ന് പ്രദേശവസികൾക്ക് അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.