ബെംഗളൂരു: ബൈബിള്‍ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിര്‍ബന്ധിത പഠനത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്കൂളിന് നോട്ടീസ് അയച്ചതായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു.
കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതനുസരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു മതഗ്രന്ഥവും നിര്‍ബന്ധിതമായി പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതഗ്രന്ഥങ്ങളുടെ നിര്‍ബന്ധിത പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലാരന്‍സ് സ്കൂളിന്റെ വെബ്സൈറ്റില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെയും ബൈബിള്‍ പാഠ്യപദ്ധതിയാക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഭരണപരമായ കാര്യങ്ങളില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് അല്‍പ്പം ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മതഗ്രന്ഥങ്ങള്‍ പഠിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെബ്സൈറ്റില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍ ഉത്തരം നല്കാന് നോട്ടീസില്‍ നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദങ്ങള്‍ക്ക് മറുപടിയുമായി സ്കൂള്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ നൂറ് വര്‍ഷത്തോളം ബൈബിളധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ബെംഗളൂരുലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ക്ലാരന്‍സ് ഹൈസ്കൂള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. നിയമം അനുസരിക്കുമെന്നും വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി അഭിഭാഷകരുമായി ബന്ധപ്പെടുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.