ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ പരീക്ഷാ കേന്ദ്രത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു.
മടപുര ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന അക്കുരു ഗ്രാമത്തിൽ നിന്നുള്ള അനുശ്രീ 16 ആണ് മരണപ്പെട്ടത്. അനുശ്രീ പരീക്ഷാ കേന്ദ്രമായ വിദ്യോദയ ജൂനിയർ കോളേജിൽ പരീക്ഷ എഴുതാൻ പോയിരുന്നു. എന്നാൽ പരീക്ഷ ആരംഭിച്ച് ഏകദേശം 10 മിനിറ്റ് ആയപ്പോൾ കുട്ടി ഡെസ്കിലേക്ക് വീഴുകയായിരുന്നു. ഇൻവിജിലേറ്ററും സൂപ്പർവൈസറും ജീവനക്കാരും ചേർന്ന് ആശാ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ ടി നരസിപൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.
ഹൃദയസ്തംഭനമാകാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാമചന്ദ്ര രാജെ ഉർസ് പറഞ്ഞു. കുട്ടിയെ പരീക്ഷാ ഹാളിലേക്ക് അയക്കുന്നതിന് മുമ്പ് കുട്ടിയുടെ ശരീര താപനില പരിശോധിച്ചിരുന്നു, കുട്ടിക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, ഒരു പ്രത്യേക മുറിയിൽ ഇരിക്കാൻ അവളോട് ആവശ്യപ്പെടുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നടപടിക്രമങ്ങൾ അനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹം എത്രയും വേഗം മാതാപിതാക്കൾക്ക് വിട്ടുനൽകാൻ, ടി നരസിപൂരിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് തന്നെ വിളിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയും വിദ്യാർത്ഥിയുടെ പെട്ടെന്നുള്ള മരണത്തിൽ വേദന അറിയിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിയുടെ മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രി ഞങ്ങളോട് നിർദ്ദേശിച്ചട്ടുണ്ടെന്നും , തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉടൻ കുടുംബത്തിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റായ പരീക്ഷാ കേന്ദ്രത്തിൽ ഇറങ്ങിയതാണോ അനുശ്രീ മരിച്ചതെന്ന ചോദ്യത്തിന്, തെറ്റായ കേന്ദ്രത്തിൽ കുട്ടി പോയെങ്കിലും വിവരം അറിഞ്ഞ അധികൃതർ കുട്ടിയെ ശരിയായ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും മന്ത്രി നാഗേഷ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.