ബെംഗളൂരു: മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ പരിഗണിക്കുന്നതിനും അവർ ഉത്തരവാദികളായിരുന്നു
മാർച്ച് 23 ന് സ്ഫോടനം നടന്നപ്പോൾ ട്രാൻസ്ഫോർമറിന്റെ തകരാറിനെക്കുറിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നതായും കണ്ടെത്തിയട്ടുണ്ട്. 1912 (ഹെൽപ്‌ലൈൻ) എന്ന നമ്പറിൽ പരാതി ലഭിച്ച ജീവനക്കാരെയും അറ്റകുറ്റപ്പണികൾക്കായി സ്ഥലത്തേക്ക് പോകാൻ നിയോഗിച്ച ജീവനക്കാരെയും കുറിച്ചും കൂടുതൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പോലീസ് ഓഫീസർ കൂട്ടിച്ചേർത്തു.
മാർച്ച് 23 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉണ്ടായ സ്‌ഫോടനത്തിലാണ് മംഗനഹള്ളി സ്വദേശിയും 55 കാരനും സെക്യൂരിറ്റി ഗാർഡുമായ സിദ്ധരാജും 19 കാരിയായ മകൾ ചൈതന്യയും കൊല്ലപ്പെട്ടത്. ഇരുവരും സ്‌കൂട്ടർ ഓടിച്ച് ട്രാൻസ്‌ഫോർമറിന് സമീപം പോയ സമയമാണ് പൊട്ടിത്തെറി ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ വിക്ടോറിയ ആശുപത്രിയിലെ പൊള്ളലേറ്റ വാർഡിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.