നീറ്റ് പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കന്നട സംഘടനകൾ

ബെംഗളൂരു: നവീന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ പ്രതിഷേധം ശക്തമാവുന്നു. യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി എസ്.ഡി. നവീന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, രാജ്യത്തെ വൈദ്യ​ശാസ്ത്ര പഠനത്തിനായുള്ള ‘നീറ്റ്’ പ്രവേശന പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ കന്നട സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുന്നു.

പ്രീ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാട്ടയില്‍ നവീന് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെന്നും സ്വകാര്യ കോളജിലെ ഫീസ് താങ്ങാനാകാത്തതിനാലാണ് യുക്രെയ്നില്‍ അയക്കേണ്ടിവന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നവീന്‍റെ പിതാവ് ശേഖരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നിര്‍ധന വിദ്യാര്‍ഥികളുടെയും ഗ്രാമീണ മേഖലയിലുള്ളവരുടെയും മെഡിസിന്‍ ബിരുദമെന്ന സ്വപ്നത്തിനുമേലുള്ള മരണമണിയാണ് ‘നീറ്റെ’ന്ന് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി-എസ് നേതാവുമായ എച്ച്‌.ഡി. കുമാരസ്വാമി ട്വിറ്ററിലൂടെ ആരോപിച്ചു.

നവീനെ പോലുള്ള മിടുക്കരായ ഗ്രാമീണ മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് മെഡിക്കല്‍ സീറ്റ് കിട്ടുന്നില്ലെന്നത് ‘നീറ്റി’ന്‍റെ ഏറ്റവും നാണംകെട്ട മുഖമാണ് തുറന്നുകാണിക്കുന്നത്. യുക്രെയ്നില്‍ നവീന്‍ മരിച്ചത് ഇന്ത്യയുടെ മനഃസാക്ഷിയോടുള്ള ചോദ്യമാണെന്നും കുമാരസ്വാമി ട്വീറ്ററിലൂടെ വിമർശിച്ചു.ഫെഡറലിസത്തിന്‍റെ ലംഘനമാണ് ‘നീറ്റെ’ന്ന് കന്നട സംഘടന പ്രവര്‍ത്തകയായ ശ്രുതി മാരുലപ്പ പറഞ്ഞു. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സീറ്റുകള്‍പോലും ‘നീറ്റി’ലൂടെ കേന്ദ്ര സര്‍ക്കാറുകള്‍ കൊണ്ടുപോകുന്ന അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള മെഡിക്കല്‍ സീറ്റുകളില്‍ 11 ശതമാനവും കര്‍ണാടകയിലാണ്.

എന്നാല്‍, ‘നീറ്റ്’ വന്നതോടെ ഈ സീറ്റുകള്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണുള്ളത്.ഏറ്റവും കൂടുതല്‍ മെഡിക്കല്‍ കോളജുകളും സീറ്റുകളും രാജ്യത്തുണ്ടായിട്ടും കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ സീറ്റ് ലഭിക്കുന്നില്ലെന്നും തമിഴ്നാടിനെ പോലെ ‘നീറ്റി’നെ സംസ്ഥാനവും എതിര്‍ക്കണമെന്നും കര്‍ണാടക രക്ഷണ വേദികെ നേതാവ് ടി.എ. നാരായണ ഗൗഡ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us