കേരളത്തിൽ അതിശക്തമായ മഴ. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾ പൊട്ടൽ. 5 ജില്ലകളിലും 4 ഡാമുകളിലും റെഡ് അലേർട്ട്. അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി – വിശദമായി വായിക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്.

അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കെഎസ്ഇബിയുടെ കീഴിലുള്ള നാലു ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി, കുണ്ടള, ഷോളയാർ, കക്കി ഡാമുകളിലാണ് റെഡ് അലർട്ട് നൽകിയത്. രണ്ട് ഡാമുകളിൽ ഓറഞ്ച് അലർട്ട് ആണ്. പെരിങ്ങൽകുത്ത്, മാട്ടുപെട്ടി ഡാമുകളിൽ ഓറഞ്ച് അലർട്ട്. അതിനിടെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 240 cm ഉയർത്തിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് അത് 80 cm കൂടി ( മൊത്തം – 320 cm ) ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയത്ത് വിവിധയിടങ്ങളിൽ രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മണിമലയാറിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ വെള്ളം കയറി. ഇതേ തുടർന്ന് എരുമേലി, മുണ്ടക്കയം ഭാഗത്തേക്ക് യാത്രാ നിരോധനമേർപ്പെടുത്തി. അറബിക്കടലിലെ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് അതിനാൽ

പത്തനംതിട്ട മലയാലപ്പുഴയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുമ്പഴയിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിലായി. കുമ്പഴ മലയാലപ്പുഴ റോഡിലേക്കും വെള്ളം കയറി. റാന്നിയിൽ ജല നിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നദികളിൽ ജലനിരപ്പുയരാനും ചില അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us