റിവ്യൂ എഴുതിയത് : ശ്രീരാം സുബ്രമണ്യം
നമ്മൾ ചുറ്റും കാണുന്നതും, നമ്മുടെ ഒക്കെ തന്നെ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതുമായ ഒരു കൂട്ടം കാര്യങ്ങൾ ഒരു കഥയാക്കി കണ്ണിനും കാതിനും കുളിർമ്മ നൽകുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല ചിത്രം . നന്മ നിറക്കാനുള്ള ഏച്ചുകെട്ടലുകൾ ഇല്ലാതെ, സെന്റി അടിക്കുന്ന ഡയലോഗുകൾ ഇല്ലാതെ, മണിക്കൂറുകണക്കിനുള്ള സാരോപദേശം ഇല്ലാതെ, നമ്മെ സന്തോഷിപ്പിക്കാനും, കണ്ണ് നിറപ്പിക്കാനും, ചിന്തിപ്പിക്കാനും, എല്ലാം ഈ ചിത്രത്തിന് സാധിക്കുന്നു. ചിത്രം കണ്ടു തുടങ്ങിയാൽ കാണുന്ന പ്രേക്ഷകനെയും ആ കഥാപരിസരത്തിൽ എത്തിച്ചു,
ഓരോ കഥാപാത്രങ്ങളും നമ്മുടെയും ആരോ ആണെന്ന് തോന്നിപ്പിക്കുന്നു. തീർച്ചയായും ഒരു പാട് കാര്യങ്ങൾ , ക്ളൈമസ് ഉൾപ്പെടെ നമുക്ക് പ്രെഡിക്ട് ചെയ്യാൻ കഴിയും , പക്ഷെ അതൊന്നും ഒരു രീതിയിലും ആസ്വാദനത്തിനെ ഒരു രീതിയിലും ബാധിക്കുന്നില്ല എന്ന് മാത്രല്ല കാണുന്ന പ്രേക്ഷകന് സന്തോഷം കൊണ്ട് മനസ് നിറയുന്ന രീതിയിലാണ് അത് അവതരിപ്പിച്ചിരിക്കുന്നത് . ചിത്രത്തിന്റെ ഛായാഗ്രഹണം, കളറിംഗ്, ആര്ട്ട് വർക്ക്, പശ്ചാത്തല സംഗീതം തുടങ്ങി എല്ലാം കഥയെയും, അതിലുള്ള ഇമോഷൻസിനെയും ഒക്കെ എസ്കലേറ്റു ചെയ്യുന്നു.
അതെ പോലെ കണ്ണിനും സുഖം നൽകുന്നു. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നെൽസൺ, ജോണി അന്റോണി തുടങ്ങി എല്ലാരും ചെയ്ത കഥാപാത്രങ്ങളും, അവർ അത് അവതരിപ്പിച്ച രീതിയും വളരെ നന്നായി ഇഷ്ടപ്പെട്ടു. എന്നാൽ ഇതൊന്നും അല്ല ഈ ചിത്രത്തെ ഏറ്റവും സുന്ദരമാക്കുന്നത്. അത് ഒലിവർ ട്വിസ്റ്റ് ആണ്. കഴിഞ്ഞ കുറച്ചുകാലം ഇറങ്ങിയ ചിത്രങ്ങളിൽ ഒലിവെറിനോളം ഇഷ്ടം തോന്നിയ ഒരു കഥാപാത്രം വേറെ ഇല്ല. ആരോടും ഒന്നിനോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ എല്ലാരോടും സ്നേഹം മാത്രമുള്ള ഒലിവർ.
ഇന്ദ്രൻസ് എന്ന നടന് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഒലിവർ. ഒലിവർ മനസ് നിറഞ്ഞു ഒന്ന് ചിരിക്കുന്നത് ചിത്രത്തിന്റെ അവസാനമാണ്. ഒപ്പം ചിത്രം കാണുന്നവരുടെയും മനസും നിറയുന്നു. സന്തോഷം കൊണ്ട് കണ്ണിൽ രണ്ടു തുള്ളി കണ്ണുനീരും, മുഖത്തു ഒരു പുഞ്ചിരിയും വിരിയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.