ബെംഗളൂരു: ഏപ്രിൽ മുതൽ വസ്തുനികുതിയോടൊപ്പം റോഡ് ഗതാഗത സെസ് കൂടി പിരിക്കാൻ തീരുമാനിച്ച് ബി.ബി.എം.പി.
വസ്തുനികുതിയുടെ രണ്ടുശതമാനമാണ് സെസ്സായി പിരിക്കുക. കോർപ്പറേഷന്റെ തീരുമാനത്തിന് നഗരവികസനവകുപ്പിന്റെ അനുമതി ലഭിച്ചു.
നഗരത്തിലെ റോഡുകളിൽ കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ തുക ഉപയോഗിക്കും.
വർഷത്തിൽ ചുരുങ്ങിയത് 150 കോടിയെങ്കിലും സെസ്സായി പിരിച്ചെടുക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. രണ്ടുവർഷം മുമ്പാണ് സെസ് ഏർപ്പെടുത്താനുള്ള ആലോചന കോർപ്പറേഷൻ തുടങ്ങിയത്.
എന്നാൽ ജനവികാരം എതിരാകുമെന്ന് ഭയന്ന് നഗരവികസനവകുപ്പ് ഇതിന് അനുമതി നൽകിയിരുന്നില്ല.
മൂന്നുമാസങ്ങൾക്ക് മുമ്പ് വീണ്ടും അനുമതിതേടി കോർപ്പറേഷൻ നഗരവികസനവകുപ്പിനെ സമീപിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തികപ്രതിസന്ധിയും കോർപ്പറേഷൻ നഗരവികസനവകുപ്പിന് മുന്നിൽ അവതരിപ്പിച്ചു.
ഇതോടെയാണ് സെസുമായി മുന്നോട്ടുപോകുന്നതിന് വകുപ്പ് അനുകൂല നിലപാടെടുത്തത്. അതേസമയം റോഡ് ഗതാഗത സെസ്സിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
വസ്തുനികുതി പൂർണമായി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട കോർപ്പറേഷൻ, സെസ് കൂടി ഏർപ്പെടുത്തുന്നത് പരിഹാസ്യമായ നീക്കമാണെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം.
നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്നത് തികച്ചും അപലപനീയമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.