ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വായ്‌പ്പാ തട്ടിപ്പ്; നഗരത്തിൽ ആപ്പുകൾക്കെതിരേ പരാതികൾ നൽകിയത് മുന്നൂറോളം പേർ! ഒരു കമ്പനിയുടെ സി.ഇ.ഒ. അടക്കം രണ്ടുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു.

നഗരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈനിലൂടെ വായ്പനൽകുന്ന ആപ്പുകളുടെ നാല് ഓഫീസുകളിൽ കർണാടക പോലീസ് സി.ഐ.ഡി. റെയ്ഡ് ചെയ്തു. മാഡ് എലഫെന്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ബോറയാൻക്‌സി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, പ്രോഫിറ്റൈസ് പ്രൈവറ്റ് ലിമിറ്റഡ്, വിസ്‌പ്രോ സൊലൂഷൻസ് എന്നീ കമ്പനികളാണ് റെയ്ഡ് ചെയ്തത്.

10,000 രൂപവരെ രേഖകളില്ലാതെ വായ്പ നൽകിയാണ് ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. 36 ശതമാനം പലിശയാണ് ഇത്തരം വായ്പകൾക്ക് ഈടാക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയാൽ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുകയും സ്ത്രീകളാണെങ്കിൽ ലൈംഗികച്ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയും റെയ്ഡിൽ പിടിച്ചെടുത്തു.

ചൈനയിൽനിന്നു നിയന്ത്രിക്കുന്ന ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഫോണിൽ സേവുചെയ്ത നമ്പറുകൾ ചോർത്തി പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്ന രീതിയിൽ സന്ദേശം അയയ്ക്കുന്നതും പതിവാണ്. ഫോണിലെ വാട്സ്സാപ്പ് ഗ്രൂപ്പുകളിലേക്കും ഇത്തരം സന്ദേശങ്ങൾ അയയ്ക്കും. ചൈനീസ് ടൂൾകിറ്റുകൾ ഉപയോഗിച്ചാണ് ഇത്തരം ആപ്പുകൾ വികസിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ആപ്പുകൾ വഴി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർ കടുത്ത സമ്മർദം താങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിലുണ്ടായതോടെ  റിസർവ് ബാങ്ക് ഇത്തരം ആപ്പുകൾക്കെതിരേ മുന്നറിപ്പ് നൽകിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us