ബെംഗളൂരു: സെപ്റ്റംബർ 20ന് നിയമസഭ പാസാക്കിയ, കൃഷി ഭൂമി സ്വന്തമാക്കുവാൻ കർഷകരല്ലാത്തവർക്കും അവകാശം അനുവദിക്കുന്ന ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമനിർമാണ കൗൺസിലിൽ പാസായി.
പ്രതിപക്ഷവും കർഷക സംഘടനകളും ഉയർത്തിയ ശക്തമായ പ്രതിഷേധത്തെ മറി കടന്നാണ് ജെ.ഡി.എസിന്റെ പിന്തുണയോടെ ഈ ഭേദഗതി ബിൽ പാസായത്.
വിജ്ഞാപനമിറക്കാൻ ഗവർണറുടെ അനുമതി കൂടെ ലഭ്യമായാൽ മതി.
ഈ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ എതിർത്ത ജെ.ഡി.എസിന്റെ ഈ നിലപാട് മാറ്റം പാർട്ടിക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായി.
ബില്ലിനെ പിന്തുണച്ച ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാര സ്വാമി കുത്തക കമ്പനികളുടെ പ്രതിനിധിയാണെന്ന് മൗര്യ സർക്കിളിൽ അനിശ്ചിതകാലമായി പ്രതിഷേധം നടത്തുന്ന സംഘടനകൾ ആരോപിച്ചു.
വൻകിട കമ്പനികൾക്ക് കൃഷിഭൂമി വാങ്ങിക്കൂട്ടാൻ സഹായം നല്കുന്നതാണ് ഈ ഭേദഗതിയെന്നും അവർ ആരോപിച്ചു.
പ്രതിവർഷം 25 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമേ കൃഷിഭൂമി വാങ്ങാവൂ എന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ നീക്കിയത്.
52 ഏക്കർ പാടവും 80 ഏക്കർ ഭാഗിക ജലസേചന ഭുമിയും 120 ഏക്കർ കര ഭൂമിയും 216 ഏക്കർ തരിശു ഭൂമിയും വ്യക്തികൾക്ക് സ്വന്തമാക്കാം.
വൻകിട കമ്പനികൾ കൃഷിഭൂമി വാങ്ങിക്കൂട്ടാൻ സാധ്യതയുണ്ട് എന്നതാണ് കർഷകരുടെ പ്രതിഷേധത്തിന് കാരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.