ബെംഗളൂരു: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുണ്ടാക്കി കോടികൾ തട്ടിയ സംഘം പിടിയിൽ. സാമൂഹിക മാധ്യമങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി ആളുകളിൽനിന്ന് പണം തട്ടിയ നാലു രാജസ്ഥാൻ സ്വദേശികളെയാണ് ബെംഗളൂരു സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്.
വ്യാജ സിം കാർഡുകൾക്കുവേണ്ടി വ്യാജ ആധാർ കാർഡുകളും ഇവർ നിർമിച്ചിരുന്നു. ഇവരുടെ നീക്കങ്ങൾ പരിശോധിച്ചശേഷം കർണാടക സി.ഐ.ഡി.യുടെ സൈബർ ക്രൈം ഡിവിഷൻ രാജസ്ഥാനിലെ ഭാരത്പുരിൽപ്പോയി പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. അൻസാർ, സദ്ദാം, ബൽവീന്ദർസിങ്, സൈനി എന്നിവരാണ് അറസ്റ്റിലായത്.
ഇവരോടൊപ്പമുള്ള ഷക്കീൽ എന്നയാൾ ഒളിവിലാണ്. വ്യാജ ആധാർ കാർഡുകൾ അപ്‌ലോഡ് ചെയ്ത് സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യുന്നതായിരുന്നു അൻസാറിന്റെ ചുമതല. സൈനിയാണ് വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കിയത്. സദ്ദാമാണ് പണം സ്വീകരിച്ചിരുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ ഷക്കീലാണ് വ്യാജ അക്കൗണ്ടുകളുണ്ടാക്കിയിരുന്നതെന്നും പോലീസ് വെളിപ്പെടുത്തി.
വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകളുണ്ടാക്കിയിരുന്നത് പ്രശസ്തരായരുടെ ചിത്രങ്ങളും അവരുടെ ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും ഉപയോഗിച്ചാണ്. തുടർന്ന് ഔദ്യോഗിക അക്കൗണ്ടിലുള്ള സുഹൃത്തുക്കൾക്ക് വ്യാജ അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് നൽകും. തുടർന്ന് ഇൻബോക്‌സിലൂടെ പണം ആവശ്യപ്പെടുകയായിരുന്നു രീതി.
കഴിഞ്ഞ മൂന്നു മാസത്തിൽ ഐ.പി.എസ് ഓഫീസർ ഉൾപ്പടെ പത്ത് സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി ആരോ തങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് പണം തട്ടുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് നടത്തിയ പത്തു ദിവസം നീണ്ട അന്വേഷണത്തിൽ ഇവരെ രാജസ്ഥാനിൽ നിന്ന് ബെംഗളൂരു സൈബർ ക്രൈം പോലീസ് പിടികൂടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.