കോവിഡ് സമയത്തും പുലർച്ചെ 5 മണി മുതൽ ബിരിയാണിക്ക് വേണ്ടി കിലോമീറ്റർ നീണ്ട ക്യൂ!

ബെംഗളൂരു: നഗരത്തിൽ കോവിഡ് രൂക്ഷമാവുന്ന കാലത്തും എല്ലാ ദിവസവും പുലര്‍ച്ചെ വന്നു സ്ഥാനം പിടിച്ച് കിലോമീറ്റര്‍ ദൂരത്തില്‍ വരിനിന്നു ബിരിയാണിക്കായി കാത്തുനില്‍ക്കുകയാണ് ഭക്ഷണപ്രേമികള്‍.

ഹോസ്‌കോട്ടയിലെ പ്രശസ്ത റെസ്റ്റോറന്റിന് ഇരുഭാഗത്തുമായി ആളുകള്‍ ബിരിയാണി വാങ്ങാന്‍ അണിനിരക്കുന്നതിന്റെ ക്യൂ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എത്ര കഷ്ടപ്പെട്ടും കാത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന ആ ബിരിയാണി ഏതെന്ന് അറിയാനാണ് ആളുകള്‍ പരതുന്നത്.

ബിരിയാണി കഴിക്കാനായി എത്തിയവരുടെ നീണ്ട നിര ഒന്നര കിലോമീറ്റര്‍ പിന്നിട്ടതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ആരംഭിക്കുന്ന ക്യൂ  ഹാസ്‌കോട്ടെയിലെ പ്രശസ്തമായ ആനന്ദ് ദം ബിരിയാണി വില്‍പനശാലക്ക് മുന്നിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്തുകൊണ്ടാണ് ഇത്രയും ദൂരം ആളുകള്‍ ക്യൂ നില്‍ക്കുന്നതെന്ന ചോദ്യമാണ് കമന്റുകളില്‍ നിറയെയുള്ളത്. കോവിഡ് ലോക്ക്‌ഡൌണ്‍ ഇളവുകളുടെ ഭാഗമായി ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സംസ്ഥാനത്ത് അനുമതി നല്‍കിയത് അടുത്തിടെയാണ്. ഇതോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം വർധിച്ചു.

വളരെ ദൂരത്ത് നിന്നുപോലും ബിരിയാണി കഴിക്കാനായി ആളുകൾ ഇവിടെ എത്തുന്നുണ്ട്. “ഞാന്‍ പുലര്‍ച്ചെ 4 മണിക്ക് ഇവിടെയെത്തി, പക്ഷേ ബിരിയാണിക്കായി നീണ്ട ക്യൂവുണ്ടായിരുന്നു അപ്പോഴും. രാവിലെ 6:30 നാണ് എന്റെ ഓര്‍ഡര്‍ ലഭിച്ചത്. അപാര ടെയ്സ്റ്റാണ് ഈ ബിരിയാണിക്ക്. എത്ര കാത്തിരുന്നു വാങ്ങിയാലും മുതലാവും” ഒരു ഉപഭോക്താവ് എഎന്‍ഐയോട് പറഞ്ഞു.

“ധാരാളം ആളുകള്‍ അവരുടെ ഓര്‍ഡറുകള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ ഞാന്‍ ഏകദേശം രണ്ട് മണിക്കൂറോളം ക്യൂവില്‍ നിന്നു. ആദ്യമായാണ് ഞാനിടെ, പക്ഷേ ഇവിടെ തയ്യാറാക്കിയ ബിരിയാണിയെക്കുറിച്ച് ഞാന്‍ വളരെയധികം കേട്ടിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയിലും പ്രശസ്തമാണ്”എന്നാണ് മറ്റൊരു ഉപഭോക്താവ് പറഞ്ഞത്.

ഞങ്ങള്‍ 22 വര്‍ഷം മുമ്പാണ് ഈ സ്റ്റാള്‍ തുറന്നതെന്ന്, ഭക്ഷണശാലയുടെ ഉടമ ആനന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള അസംസ്‌കൃത വസ്തുക്കളും ഞങ്ങള്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നില്ല. ഒരു ദിവസം ആയിരം കിലോഗ്രാമില്‍ കൂടുതല്‍ ബിരിയാണി വിളമ്പുന്നുണ്ടിവിടെ, ആനന്ദ് പ്രതികരിച്ചു. മട്ടണ്‍ ബിരിയാണിക്കാണ് ഇവിടെ ആവശ്യക്കാര്‍ കൂടുതലെന്നും ഞായറാഴ്ച ദിവസങ്ങളിലാണ് തിരക്ക് കൂടുതലെന്നും കടയുടമ വെളിപ്പെടുത്തി.

ആളുകൾ പുലര്‍ച്ചെ മുതല്‍ ഇവിടെ ക്യൂ നില്‍ക്കുന്നത് തലേദിവസം തന്നെ തയ്യാറാക്കുന്ന ബിരിയാണി കഴിക്കാനാണ്. പ്രാതലിനുള്ള ഇഷ്ട വിഭവമാണ് ആനന്ദിലെ മട്ടണ്‍ ബിരിയാണിയെന്നും ലോക്ക്‌ഡൌണിന് മുമ്പുള്ളതില്‍ നിന്ന് വില്‍പന 25 ശതമാനം കൂടിയിട്ടുണ്ടെന്നും കടയുടമ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us