ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം നന്ദി ഹിൽസിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നു. കർശന നിയന്ത്രണങ്ങളോടെ സെപ്റ്റംബർ ഏഴുമുതലാണ് പ്രവേശിപ്പിക്കുന്നത്.
രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയായിരിക്കും പ്രവേശനസമയം. കഴിഞ്ഞ മാർച്ചിലാണ് ഇവിടേക്കുള്ള പ്രവേശനം നിർത്തിവെച്ചത്.
നഗരത്തിനോട് ചേർന്നുകിടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് നന്ദി ഹിൽസ്. മാസങ്ങളോളം വീട്ടിൽ കഴിഞ്ഞതിനാൽ കൂടുതൽപേർ നന്ദി ഹിൽസിൽ സന്ദർശനത്തിനെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ പ്രവേശനം സാധ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. സന്ദർശകരെ തെർമൽ സ്‌കാനിങ്ങിന് വിധേയമാക്കിയായിരിക്കും പ്രധാന കവാടത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ തെറ്റിക്കുന്നത് കണ്ടെത്താൻ ജീവനക്കാരെ നിയോഗിക്കാനും പദ്ധതിയുണ്ട്. മുഖാവരണം ധരിക്കാത്തവർക്ക് പ്രവേശനമുണ്ടാകില്ല. സാമൂഹിക അകലം പാലിക്കാത്തവർക്ക് പിഴ ചുമത്താനും തീരുമാനമുണ്ട്.
അതേസമയം, പ്രവർത്തനസമയത്തിൽ വ്യത്യാസംവരുത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. സൂര്യോദയം കാണാനാണ് ഒട്ടുമിക്കയാളുകളും നന്ദി ഹിൽസിലേക്ക് പോകുന്നത്.
എന്നാൽ, എട്ടുമണിയാകുമ്പോഴേക്കും സൂര്യോദയം കഴിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പക്ഷേ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ വരുത്തുന്നതിനുസരിച്ച് പ്രവേശന സമയത്തിലും മാറ്റംവരുത്തും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.