ബെംഗളുരു : കോവിഡ് വ്യാപനത്തിനിടയിലും ബെംഗളൂരുവിൽ ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു.
5 മാസത്തിനിടെ സമ്പർക്കരഹിത പരിശോധനയിലൂടെ 96 കോടി രൂപയാണു ട്രാഫിക് പൊലീസിനു ലഭിച്ചത്.
ജംങ്ഷനുകളിലെയും പ്രധാന റോഡുകളിലെയും ക്യാമറകൾ, ട്രാഫിക് പൊലീസിന്റെ ട്വിറ്റർ-ഫെയ്സ്ബുക്ക് പേജ്, പബ്ലിക് ഐ ആപ്പ്എന്നിവയിലൂടെ ലഭിച്ച വിഡിയോ ദൃശ്യങ്ങളുടെയും
ചിത്രങ്ങളുടെയും സഹായത്തോടെയാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തിയതെന്നു ജോയിന്റ് കമ്മിഷണർ രവികാന്തെഗൗഡ പറഞ്ഞു.
ഓട്ടം പോകാൻ തയാറാകാത്ത ഓട്ടോറിക്ഷ ഡ്രൈവർമാരെയും കണ്ടെത്തി.
ഇവർക്കെല്ലാം പിഴയടയ്ക്കാനുള്ള രസീത് വീടുകളിലേക്ക് അയച്ചു നൽകിയിട്ടുണ്ട്.
ഹെൽമറ്റ് ഇല്ലാ യാത്ര, സിഗ്നൽ ജംപിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, നടപ്പാതയിലെയും സീബാ വരയിലെയും പാർക്കിങ് തുടങ്ങിയ ലംഘനങ്ങൾക്കാണ് കൂടുതൽ പേർക്കും
പിഴയടയ്ക്കേണ്ടി വന്നത്.