ബെംഗളൂരു: ലോക്ഡൗൺ കാലത്തെ നിയന്ത്രണങ്ങൾ കാരണം ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ സാധിക്കാത്തത് കർഷകരെ കടക്കെണിയിലാക്കി. സംസ്ഥാനത്ത് ലോക്ഡൗൺ കാലത്ത് 60 ദിവസത്തിനിടെ ജീവനൊടുക്കിയത് 75 കർഷകർ.
ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇത്രയും കർഷകർ ജീവനൊടുക്കിയത്. വടക്കൻ കർണാടകത്തിലെ ജില്ലകളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. പല ഉത്പന്നങ്ങളും കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുകയായിരുന്നു കർഷകർ.
മേയിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ 1,600 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസ പാക്കേജ് എല്ലാ കർഷകർക്കും ലഭിക്കാത്തതും തിരിച്ചടിയായി. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട രീതിയിൽ വിള ലഭിച്ചെങ്കിലും കർഷകർക്ക് പ്രയോജനം ചെയ്തില്ലെന്ന് കർണാടക രാജ്യ രെയ്ത്ത സംഘ നേതാവ് കെ.എസ്. സുധീർ കുമാർ പറഞ്ഞു.
2019 ഏപ്രിൽ ഒന്നിനും 2020 മാർച്ച് 31-നും ഇടയിൽ സംസ്ഥാനത്ത് 800 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 453 മരണം ഏപ്രിൽ ഒന്നിനും നവംബർ 30-നുമിടയിലാണ് നടന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 5,000-ത്തോളം കർഷകർ ആത്മഹത്യ ചെയ്തു. 2015-16 വർഷമാണ് (1,062) ഏറ്റവും കൂടുതൽ കർഷകർ ജീവനൊടുക്കിയത്. കഴിഞ്ഞ 14 മാസത്തിനിടെ 875 കർഷകരാണ് ജീവനൊടുക്കിയത്.
ബെലഗാവിയിലാണ് ഏറ്റവും കൂടുതൽ പേർ -79 ജീവനൊടുക്കിയത്. ധാർവാഡ് -70, മൈസൂരു -69, വിജയപുര -47, ബാഗൽകോട്ട് -31, ഹാവേരി -57, ഗദഗ് -26 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.