ശിവാജി നഗറിലെ റസ്സൽ മാർക്കറ്റ് പൂട്ടിയിടാൻ തീരുമാനിച്ച് ബി.ബി.എം.പി.

ബെംഗളൂരു: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് റസ്സൽ മാർക്കറ്റ് 14-ന് അർധരാത്രിവരെ അടച്ചിടാൻ ബൃഹത് ബെംഗളൂരു മഹാനഗര പലികെ (ബി.ബി.എം.പി.) ഉത്തരവിട്ടു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം കച്ചവടക്കാർ പാലിക്കാത്തതാണ് കാരണം.

പലതവണ മുന്നറിയിപ്പു കൊടുത്തിട്ടും കച്ചവടക്കാർ അനുസരിക്കാത്തതാണ് കോർപ്പറേഷനെ ചൊടിപ്പിച്ചത്.

മാർക്കറ്റ് അടച്ചതോടെ നഗരത്തിലെ മറ്റു മാർക്കറ്റുകളിൽ തിരക്കുകൂടാനുള്ള സാധ്യതയേറി.

പതിറ്റാണ്ടുകൾ പഴക്കമുള്ള റസ്സൽ മാർക്കറ്റ് ആദ്യമായിട്ടാണ് ഇത്രയും ദിവസം അടച്ചിടുന്നത്.

ലോക് ഡൗൺ ആയിട്ടും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ കിട്ടാതെ വരുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു മാർക്കറ്റുകൾ പ്രവർത്തിപ്പിക്കാൻ സർക്കാർ നേരത്തെ അനുമതി നൽകിയിയത്.

രാവിലെ എട്ടു മുതൽ പത്തുവരെയായിരുന്നു മാർക്കറ്റുകൾ പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നത്.

ആളുകൾക്ക് നിൽക്കാൻ പ്രത്യേക അടയാളങ്ങൾ റസ്സൽ മാർക്കറ്റിലില്ലായിരുന്നുവെന്നും ഒട്ടേറെ ആളുകൾ കൂട്ടംകൂടി നിൽക്കുകയായിരുന്നുവെന്നും ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തേ യശ്വന്തപുര മാർക്കറ്റിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവിടുത്തെ പച്ചക്കറി മാർക്കറ്റ് മാത്രം ദസനപുരയിലേക്കു മാറ്റിയിരുന്നു.

ആളുകൾക്ക് നിൽക്കാൻ പ്രത്യേകസ്ഥലം അടയാളപ്പെടുത്തുകയും മറ്റു സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ഇവിടെ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

മുഖാവരണംധരിക്കാത്തവർക്ക് സാധനങ്ങൾ നൽകുന്നില്ല. അതിനിടെ, തിരക്കേറിയ കെ.ആർ. മാർക്കറ്റിന്റെ ഒരു ഭാഗം നാഷണൽ കോളേജ് മൈതാനത്തേക്കു മാറ്റിയിരുന്നെങ്കിലും ഇവിടെയും സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസത്തിനകം മാർക്കറ്റ് അടച്ചിടാൻ കോർപ്പറേഷൻ ഉത്തരവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us