ബെംഗളൂരു:ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ്(കോവിഡ് -19) സ്ഥിരീകരിച്ചതിനെത്തുടർന്ന് നഗരത്തിലെ ഐ.ടി. സ്ഥാപനങ്ങളിൽ സുരക്ഷാമുൻകരുതലുകൾ ശക്തമാക്കി.
പകരുന്ന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ഭൂരിഭാഗം കമ്പനികളും നിർദേശിച്ചു.
വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതൽ ജീവനക്കാർക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികൾ നൽകിത്തുടങ്ങി.
പനി, ജലദോഷം തുടങ്ങിയവ പിടിപെട്ടാൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്കുവിധേയരാകാനും കമ്പനികളുടെ എച്ച്.ആർ. വിഭാഗങ്ങൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ആരോഗ്യ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിർദേശമുണ്ട്.
ജീവനക്കാരുടെ ആഘോഷപരിപാടികൾക്കും ഒത്തുചേരലുകൾക്കും ഭാഗികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉ
കൂടിക്കാഴ്ചകളും പരിശീലനപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള ജീവനക്കാരുടെ ജോലിസംബന്ധമായ യാത്രകൾ താത്കാലികമായി നിർത്തിവെച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സ്ഥിതി കൂടുതൽ രൂക്ഷമായാൽ കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
അതിനിടെ, രോഗലക്ഷണമുള്ള അഞ്ചുപേർ ബെംഗളൂരുവിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കയച്ചു.