ബെംഗളൂരു:നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇരുസഭകളെയും അഭിസംബോധന ചെയ്തുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ വാജുഭായി വാല.
പ്രകൃതിദുരന്തങ്ങളെ സർക്കാർ കൈകാര്യം ചെയ്ത രീതിയും സംസ്ഥാനത്ത് നടപ്പാക്കിയ മറ്റു വികസന പ്രവർത്തനങ്ങളും അക്കമിട്ട് ഗവർണർ ചൂണ്ടിക്കാട്ടി.
ജലവിതരണ മേഖലയിലും സാമ്പത്തികം കൈകാര്യം ചെയ്യുന്ന രീതിയിലും സർക്കാരിനെ പ്രശംസിച്ചു.
2019- ഓഗസ്റ്റിനും ഒക്ടോബറിനുമിടയിൽ സംസ്ഥാനത്തെ പലഭാഗങ്ങളിലും പ്രളയം നാശം വിതച്ചപ്പോൾ സംസ്ഥാനസർക്കാർ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ മുന്നിട്ടിറങ്ങി യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസപ്രവർത്തനം നടത്തുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു.
പുനർനിർമിക്കേണ്ട വീടുകൾക്ക് അഞ്ചുലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു.
അറ്റകുറ്റപ്പണികൾക്ക് മൂന്നു ലക്ഷം രൂപയും ഭാഗികമായി കേടുവന്ന വീടുകൾക്ക് 50,000 രൂപയും അനുവദിച്ചു. വീടുകൾക്കായി അനുവദിച്ച സാമ്പത്തിക സഹായം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്.
1.24 ലക്ഷത്തോളം വീടുകൾക്കായി സർക്കാർ 827 കോടിരൂപ സഹായം അനുവദിച്ചതായും ഗവർണർ പറഞ്ഞു.
പ്രധാൻമന്ത്രി കൃഷി സിൻചയി യോജനയും എം.എൻ.ആർ.ഇ.ജി.എസും സംയോജിപ്പിച്ച് 100 വരൾച്ചാ ബാധിത താലൂക്കുകളിൽ വരൾച്ച തടയാനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.
കൃഷിക്കാരുടെ ക്ഷേമം ലക്ഷ്യമിട്ട് ജലവിതരണ പദ്ധതികൾക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തും സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾ ഗവർണർ ചൂണ്ടിക്കാട്ടി.
276 പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയെന്നും വിദ്യാർഥികൾക്ക് നിർജലീകരണം സംഭവിക്കാതിരിക്കാൻ വാട്ടർ ബെൽ എന്ന ആശയം സ്കൂളുകളിൽ ഏർപ്പെടുത്തിയെന്നും ഗവർണർ പറഞ്ഞു.
കൊടുംകുറ്റവാളികളെയും തീവ്രവാദികളെയും പാർപ്പിക്കാൻ പരപ്പന അഗ്രഹാരയിൽ ഉന്നത സുരക്ഷയുള്ള ജയിൽ നിർമാണത്തിലാണെന്നും വിജയപുര, ബീദർ എന്നിവിടങ്ങളിൽ സെൻട്രൽ ജയിലുകൾ നിർമിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
നിക്ഷേപരംഗത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളും ഗവർണർ അക്കമിട്ടു പറഞ്ഞു. അതേസമയം, പൗരത്വനിയമ ഭേദഗതി യുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രസംഗത്തിൽ പരാമർശമുണ്ടായില്ല.
നിയമസഭാ സമ്മേളനം 20-ന് സമാപിക്കും. തുടർന്ന് മാർച്ച് രണ്ടിന് ബജറ്റ് സമ്മേളനം തുടങ്ങും. മാർച്ച് അഞ്ചിനാണ് ബജറ്റ് അവതരണം. മാർച്ച് 31 വരെ സമ്മേളനം തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.