ബെംഗളൂരു:ജീവിത വിജയത്തിനായുള്ള അഭിനിവേശവും ഇച്ഛാശക്തിയുംകൊണ്ട് ഉന്നതിയിലെത്തിയ പ്രമുഖ വനിതകളുടെ അനുഭവം പങ്കുവെച്ച് ആർട്ട് ഓഫ് ലിവിങ് ഒമ്പതാമത് അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന് ബെംഗളൂരുവിൽ തുടക്കമായി.
ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ ദീപം തെളിയിച്ച് ത്രിദിന സമ്മേളനത്തിന് തുടക്കം കുറിച്ചു.
എല്ലാവരിലും ആത്മീയതയുണ്ടെന്നും ഇത് ഉണർത്തുന്നതിനുള്ള ഗുരുവിനെ കണ്ടെത്തിയാൽ ജീവിതം സുഗമവും സമ്മർദരഹിതവുമാകുമെന്ന് കേന്ദ്ര മന്ത്രി ഹർസിമ്രത് കൗർ ബാദൽ പറഞ്ഞു.
ജീവിത വിജയത്തിന് ആഗ്രഹത്തോടൊപ്പം അനുകമ്പയും സ്നേഹവും അനാസക്തിയും ആവശ്യമാണെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ഓർമിപ്പിച്ചു.
സ്ത്രീകൾ വിജയത്തിന് മുന്നോട്ടുവരണമെന്നും ഇതിനായുള്ള ഇച്ഛാശക്തി വേണമെന്നും ആവശ്യപ്പെട്ടു. അതിയായ അഭിനിവേശം, അനുകമ്പ, അനാസക്തി എന്നീ വിഷയത്തെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ സമ്മേളനം.
പുതുച്ചേരി ലെഫ്. ഗവർണർ കിരൺ ബേദി, ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, യൂറോപ്യൻ പാർലമെന്റ് അംഗം ഡെയ്സ് മെൽബാർഡ്, ഗോവ മുൻ ഗവർണർ മൃതുല സിൻഹ, ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യ, നേപ്പാൾ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സപ്ന പ്രധാൻ മല്ല, ഫ്രാൻസ് പരിസ്ഥിതി പ്രവർത്തകൻ നിക്കോള ഹുേലാട്ട്, പ്രമുഖ കലാകാരൻ രേഖ ഹെബ്ബാർ റാവു, അന്താരാഷ്ട്ര വനിതാ സമ്മേളനത്തിന്റെ അധ്യക്ഷ ഭാനുമതി നരസിംഹ എന്നിവർ സംസാരിച്ചു. ജീവിതത്തിൽ ആഗ്രഹവും അനുകമ്പയും അനാസക്തിയും ഉണ്ടെങ്കിൽ മാത്രമേ ജീവിതവൃത്തം പൂർത്തിയാക്കാൻ കഴിയുവെന്ന് ഭാനുമതി നരസിംഹം പറഞ്ഞു. വിവിധ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള വിശാലാക്ഷി പുരസ്കാരവും ആചാര്യ രത്നാനന്ദ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.
ശ്രീശ്രീ രവിശങ്കറിന്റെ അമ്മയുടെ സ്മരണാർഥമാണ് വിശാലാക്ഷി പുരസ്കാരം ഏർപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ശ്രീശ്രീ രവിശങ്കറുടെ അച്ഛന്റെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ആചാര്യ രത്നാനന്ദ പുരസ്കാരം. പത്ത് പേർക്കാണ് പുരസ്കാരം സമ്മാനിച്ചത്. വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ശ്രീശ്രീ രവിശങ്കർ ധ്യാനത്തിന് നേതൃത്വം നൽകി.
വൈകുന്നേരം മൈൻഡ്വാലി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിശേൻ ലിഖിനിയും ശ്രീശ്രീ രവിശങ്കറും തമ്മിലുള്ള സംഭാഷണവും നടന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം 16-ന് സമാപിക്കും. 50 രാജ്യങ്ങളിൽ നിന്നായി 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.