ബെംഗളൂരു: മനം മയക്കുന്ന കാഴ്ചകളുടെയും സൗരഭ്യത്തിന്റെയും പൂക്കാലമൊരുക്കുന്ന വസന്തോത്സവത്തിന് നാളെ തുടക്കം. റിപ്പബ്ലിക് ദിനാഘോഷത്തിന്റെഭാഗമായി നടക്കുന്ന ലാൽബാഗ് പുഷ്പമേളയിൽ ബ്രസീൽ, തായ്ലൻഡ്, അർജന്റീന തുടങ്ങി പത്തു വിദേശരാജ്യങ്ങളിൽനിന്നുള്ള 92 ഇനം പൂക്കൾ പ്രദർശനത്തിനുണ്ടാകും.
സ്വാമി വിവേകാനന്ദനാണ് ഇത്തവണ പുഷ്പമേളയുടെ വിഷയം. പൂക്കളിൽ തീർത്ത വിവേകാനന്ദന്റെ രൂപവും വിവേകാനന്ദസ്മാരകങ്ങളുമായി ബന്ധപ്പെട്ട പ്രദർശനവും മേളയിലുണ്ടാകും. 19 ഉപവിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻവർഷങ്ങളിൽ മഹാത്മാഗാന്ധി, കുവെമ്പു, ജയചാമരാജേന്ദ്ര വൊഡയാർ തുടങ്ങിയവരെ ആദരിച്ചുകൊണ്ടായിരുന്നു പുഷ്പമേള സംഘടിപ്പിച്ചിരുന്നത്.
6.21 ലക്ഷം പൂക്കൾകൊണ്ടാണ് വിവേകാനന്ദന്റെ രൂപം ലാൽബാഗിലെ ഗ്ലാസ് ഹൗസിൽ തീർക്കുക. വിവേകാനന്ദൻ കാർട്ടൂൺ ഗാലറിയും പ്രവർത്തിക്കും.
മേളയിലെത്തുന്നവർക്ക് വിതരണംചെയ്യാൻ അഞ്ചുലക്ഷത്തോളം പുസ്തകങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വിവേകാനന്ദന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ എൽ.ഇ.ഡി. സ്ക്രീനിൽ പ്രദർശിപ്പിക്കും.
മുതിർന്നവർക്ക് 70 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ സ്കൂൾവിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 6.30വരെയായിരിക്കും ടിക്കറ്റുകൾ നൽകുക.
ശാന്തിനഗർ ബസ് സ്റ്റാൻഡ്, ജെ.സി റോഡിലെ ബി.ബി.എം.പി പാർക്കിങ് ഏരിയ, അൽ അമീൻ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം. 26-ന് മേള സമാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.