ബെംഗളൂരു: വിദ്വേഷപ്രസ്താവന നടത്തിയ ബി.ജെ.പി. നിയമസഭാംഗം സോമശേഖരറെഡ്ഡിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ സമീർ അഹമ്മദ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
തിങ്കളാഴ്ച രാവിലെ ബല്ലാരി സിറ്റിക്കു സമീപം കുടിത്തിനിയിൽവെച്ചാണ് സമീർ അഹമ്മദ് ഖാനെ കസ്റ്റഡിയിലെടുത്തത്. സോമശേഖരറെഡ്ഡിയുടെ വീടിനുസമീപം ധർണനടത്താനാണ് എത്തിയതെന്നും ഇതിനായി പോലീസിൽനിന്ന് അനുമതി നേടിയിരുന്നെന്നും സമീർ അഹമ്മദ് ഖാൻ പിന്നീട് പറഞ്ഞു.
ജനുവരി മൂന്നിന് പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുനടന്ന റാലിയിലാണ് സോമശേഖരറെഡ്ഡി വിദ്വേഷപ്രസ്താവന നടത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാനാണ് എത്തിയതെന്നും എന്നാൽ, ധർണ നടത്താനെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
പോലീസ് നടപടിക്കെതിരേ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിദ്വേഷപ്രസ്താവന നടത്തിയ സോമശേഖരറെഡ്ഡിയെ അറസ്റ്റുചെയ്യുന്നതിനുപകരം സമീർ അഹമ്മദ് ഖാനെ അറസ്റ്റുചെയ്ത നടപടിയെ അപലപിക്കുന്നതായി മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ‘ട്വീറ്റ്’ ചെയ്തു.
ഭൂരിപക്ഷസമുദായങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേ തെരുവിലിറങ്ങിയാൽ എന്തുസംഭവിക്കുമെന്ന് ചിന്തിക്കണമെന്നും പൗരത്വനിയമഭേദഗതിക്കെതിരേനിന്നാൽ അത് ശുഭകരമായിരിക്കില്ലെന്നുമാണ് സോമശേഖരറെഡ്ഡി പ്രസംഗിച്ചത്.
സാമുദായികസൗഹാർദം തകർക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തി സോമശേഖരറെഡ്ഡിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം ബല്ലാരി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി തള്ളിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.