ബെംഗളൂരു:കോലാറിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മാർച്ചുനടത്തിയ ബി.ജെ.പി. പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിച്ചാർജ്.

എസ്.എൻ.ആർ. സർക്കിളിൽനിന്ന് മുസ്‌ലിങ്ങൾ കൂടുതലുള്ള ക്ലോക് ടവർഭാഗത്തേക്ക് മാർച്ച് നടത്താൻ ശ്രമിച്ചവർക്കു നേരെയാണ് പോലീസ് ലാത്തിവീശിയത്. എസ്.എൻ.ആർ. സർക്കിളിൽനിന്ന് എം.ജി. റോഡിലേക്ക് മാർച്ച് നടത്തിയശേഷം പൊതുസമ്മേളനം നടത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലോക് ടവർ ഭാഗത്തേക്ക് മാർച്ച് തിരിഞ്ഞതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.

പിന്നീട് മാർച്ച് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ പോലീസുകാരെ വിന്യസിച്ചു. ഭാരതീയ നാഗരിക രക്ഷണ വേദികെയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.

മാർച്ചിനു ശേഷം എം.ജി. റോഡിൽ നടന്ന പൊതുസമ്മേളനത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ, മന്ത്രി ആർ. അശോക്, ജനറൽ സെക്രട്ടറി മുരളീധർ റാവു തുടങ്ങിയവർ പങ്കെടുത്തു.

മുസ്‌ലിങ്ങൾ ധാരാളമുള്ള ക്ലോക് ടവറിലേക്ക് റാലി നടത്താനൊരുങ്ങിയപ്പോഴാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.