നഗരവാസികൾക്ക് സന്തോഷ വാർത്ത; ഇനി ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ആശങ്ക വേണ്ട!

ബെംഗളൂരു: നഗരവാസികൾക്ക് സന്തോഷ വാർത്ത; ഇനി ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ആശങ്ക വേണ്ട. നഗരത്തിലെ ഭക്ഷണശാലകൾക്ക് റേറ്റിങ് സംവിധാനമൊരുക്കാൻ കർണാടക ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനിച്ചു.

ഇനി വൃത്തി പോരെന്ന തോന്നൽ, രാസവസ്തുക്കൾ ചേർക്കുന്നുണ്ടോയെന്ന സംശയം, ശുദ്ധമായ വെള്ളമാണോ പാചകത്തിന് ഉപയോഗിക്കുന്നതെന്ന ആശങ്ക, ഇങ്ങനെ നഗരത്തിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മനസ്സിലൂടെ പാഞ്ഞുപോകുന്ന ആശങ്കകൾക്ക് വിരാമമിടാം.

ആദ്യഘട്ടത്തിൽ 50 ഭക്ഷണശാലകളിലെങ്കിലും പരിശോധന നടത്തി റേറ്റിങ് നൽകാനാണ് അധികൃതരുടെ തീരുമാനം. ഹോട്ടലുടമകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ഒന്നുമുതൽ അഞ്ചുവരെയുള്ള പോയന്റുകൾ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകൾക്ക് നൽകും. ഇത് കടയുടെ ബോർഡിൽ പ്രദർശിപ്പിക്കുകയും പരസ്യത്തിൽ ഉപയോഗിക്കുകയുംചെയ്യാം.

റേറ്റിങ് നോക്കി ഭക്ഷണം കഴിക്കാൻ കയറാമെന്നതാണ് ഉപഭോക്താക്കൾക്ക് ഇതുകൊണ്ടുള്ള നേട്ടം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ.)യുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

റേറ്റിങ് നൽകുന്നത് വൃത്തി, ഗുണനിലവാരം ഉൾപ്പെടെ ഇരുപതോളം ഘടകങ്ങൾ പരിശോധിച്ചതിനുശേഷമായിരിക്കും. എഫ്.എസ്.എസ്.ഐ. ഉദ്യോഗസ്ഥരും ലാബ് ജീവനക്കാരുമടക്കം പരിശോധനസംഘത്തിലുണ്ടാകും. പിഴവില്ലാത്ത പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്.

ഇതിനുള്ള ചെലവ് വഹിക്കേണ്ടത് ഭക്ഷണശാലകളുടെ ഉടമസ്ഥരാണ്. റസ്റ്റോറന്റുകളെക്കൂടാതെ ബേക്കറികൾ, ജ്യൂസ്- ഐസ്‌ക്രീം വില്പനകേന്ദ്രങ്ങൾ എന്നിവർക്കും പദ്ധതി ഉപയോഗപ്പെടുത്താം.

എന്നാൽ പരിശോധനയ്ക്ക് ആവശ്യമായിവരുന്ന ചെലവ് വഹിക്കാൻ സർക്കാർ സംവിധാനമൊരുക്കണമെന്നാണ് ഹോട്ടലുടമകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന ഉറപ്പുനൽകിയിരിക്കുകയാണ് അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us