ഒരു ഗുഡ്സ് ഓട്ടോ റിക്ഷ നിറയെ കല്ലുകളെത്തിച്ച് പോലീസിനെ കല്ലെറിയുന്നു,അക്രമണത്തിന് മുൻപ് സി.സി.ടി.വി.യുടെ ദിശ മാറ്റുന്നു… അങ്ങനെ മംഗളൂരു അക്രമണത്തിന്റെ നിരവധി സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രാദേശിക മാധ്യമങ്ങൾ.

ബെംഗളൂരു : കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരുവിൽ നടന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമാകുകയും തുടർന്ന് നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ മരിക്കുകയും ചെയ്തിരുന്നു.

കർണാടകയിലെ പ്രാദേശിക മാധ്യമങ്ങളിൽ ഈ വിഷയം ഇപ്പോഴും കത്തി നിൽക്കുകയാണ്, പോലീസിന്റെ ഭാഗത്തു നിന്നുള്ള നിരുത്തരവാദപരമായ നടപടിയാണ് ഇങ്ങനെ ഒരു സംഭവത്തിന് പിന്നിൽ എന്ന് പ്രതിപക്ഷ കക്ഷികളും അവരെ പിൻതുണക്കുന്ന മാധ്യമങ്ങളും പറയുമ്പോൾ എതിർ വാദവുമായി ഭരണപക്ഷവും രംഗത്തുണ്ട്.

ഇന്ന് രാവിലെ മുതൽ സുവർണ ന്യൂസ് 24×7 അടക്കം പ്രാദേശിക ചാനലുകളും എൻ ഡി ടിവി അടക്കം ഉള്ള ദേശീയ ചാനലുകളും മംഗളൂരുവിൽ നടന്ന സംഭവ വികാസങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

പ്രതിഷേധത്തിന് എത്തിയവർ പെട്ടെന്ന് ഒരു പ്രതികരണമെന്ന നിലയിൽ അക്രമം തുടങ്ങിയതല്ല ,കൃത്യമായ മുൻകരുതലും പ്ലാനിങ്ങും അക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് അവർ അവകാശപ്പെടുന്നു. ഒരു ഗുഡ്സ് ഓട്ടോറിക്ഷ മുഴുവൻ കല്ലു കൊണ്ടുവന്ന് നിർത്തി അതിൽ നിന്ന് ഓരോ ചാക്കെടുത്ത് എറിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മറ്റ് രണ്ട് വീഡിയോ ദൃശ്യങ്ങളിൽ മുഖം മറച്ച യുവാക്കൾ സിസിടിവി കാമറക്കടുത്തേക്ക് മുളകമ്പുമായി വന്ന് റോഡിലേക്ക് സ്ഥാപിച്ചിട്ടുള്ള അവയുടെ ദിശ മാറ്റുന്നതും വീഡിയോകളിൽ കൃത്യമായി കാണാം. മുൻകൂട്ടി അക്രമണത്തിന് തീരുമാനിച്ചതിനാലാണ് അവർ ഇങ്ങനെ ചെയ്യുന്നത് എന്നാണ് വാദം. ഈ സിസിടിവികൾ സമീപത്തെ വീടുകളിലേയും കടകളിലേയുമാണ്.

പോലീസുകാർ ഒരു ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും അവിടത്തെ ചില്ലുകൾ പൊട്ടിക്കുന്നതുമായ വീഡിയോ പ്രതിപക്ഷ കക്ഷികൾ ഇന്നലെ പുറത്ത് വിട്ടിരുന്നു, പോലീസ് ആശുപത്രിയിൽ ചെയ്തത് അപലപനീയം എന്നും അവർ പറഞ്ഞിരുന്നു.എന്നാൽ പ്രതിഷേധക്കാർ ആശുപത്രിയിലേക്ക് ഓടിക്കയറുന്നതായുള്ള വീഡിയോ ചില മാധ്യമങ്ങൾ പുറത്ത് വിടുകയായിരുന്നു, അതിനെ തുടർന്നാണ് പോലീസ് ആശുപത്രിയിൽ കയറിയത് എന്നാണ് അവരുടെ വാദം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us