നിവേദ്യത്തിന് ഇനി അരളിപ്പൂവ് വേണ്ട; പകരം തെച്ചിയും തുളസിയും മുല്ലയും; ഉത്തരവിറക്കി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍

കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ ക്ഷേത്രങ്ങളിലെ പ്രസാദം, നിവേദ്യം, അർച്ചന നിവേദ്യം എന്നിവയിൽനിന്ന്‌ അരളിപ്പൂവ്‌ ഒഴിവാക്കാൻ തീരുമാനിച്ച് മലബാർ ദേവസ്വം ബോർഡും.

ഇതുസംബന്ധിച്ച നിർദ്ദേശം ഇന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റ് എം ആർ മുരളി അറിയിച്ചു.

പ്രസാദങ്ങളിലും നിവേദ്യത്തിലും നിന്ന് അരളിപ്പൂവ് ഒഴിവാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മലബാർ ദേവസ്വവും തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്.

അരളിപ്പൂവിനു പകരം തെച്ചി, തുളസി, മുല്ല, പിച്ചി, റോസ്‌, താമര എന്നിവയാണ് ഇനി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുക.

അരളി ഇലയിലും പൂവിലും വിഷാംശം ഉണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ്‌ ദേവസ്വം ബോർഡുകളുടെ തീരുമാനം.

കഴിഞ്ഞയാഴ്ച ആലപ്പുഴ ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ച യുവതി മരിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.

പായസനിവേദ്യമുള്‍പ്പടെയുള്ള നിവേദ്യങ്ങള്‍, ഭക്തര്‍ക്ക് ഇലയില്‍ നല്‍കുന്ന ചന്ദനമുള്‍പ്പെടെയുള്ള പ്രസാദം എന്നിവയില്‍ അരളിപ്പൂവ് ഒഴിവാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.

അതേസമയം, പൂജകള്‍ക്കും മറ്റും അരളിപ്പൂവിന് നിരോധനമില്ല. ദേവീക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് പ്രധാനമാണ്.

ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷമാകും അരളിപ്പൂവിന്‍റെ പൂര്‍ണനിരോധനത്തെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.

അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും.

നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us