ബെംഗളൂരു: വ്യാജ മാധ്യമപ്രവർത്തകരാണ് മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയതെന്നും ഇവർക്ക് തിരിച്ചറിയൽ കാർഡില്ലെന്നുമുള്ള പ്രചാരണമാണ് മംഗളൂരു പോലീസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയത്.
കലാപമുണ്ടാക്കാൻ വന്നവരാണ് ഈ മാധ്യമപ്രവർത്തകർ എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ളത് അഞ്ച് മാധ്യമപ്രവർത്തകർ മാത്രമാണെങ്കിലും ആയുധങ്ങളുമായി അമ്പതോളം പേർ കേരളത്തിൽനിന്നെത്തി എന്ന തരത്തിലാണ് കന്നഡ മാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്.
നിരവധി ഇടപടലുകൾ ഉണ്ടായിട്ടും പിടിയിലുള്ള മാധ്യമപ്രവർത്തകരെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ അടക്കം പിടിച്ചുവെച്ചിരിക്കുകയാണ്.
ഇന്റർനെറ്റും മൊബൈൽ ഫോണും അടക്കമുള്ളവ തടഞ്ഞിരിക്കുന്നതിനാൽ മംഗളൂരുവിലെ യഥാർഥ സ്ഥിതി എന്തെന്ന് വ്യക്തമല്ല. മാധ്യമപ്രവർത്തകരെ എപ്പോൾ വിട്ടയയ്ക്കുമെന്ന കാര്യം വ്യക്തമാക്കാൻ പോലീസ് തയ്യാറായില്ല.
വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാൻമാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ് കസ്റ്റഡിയിലുള്ളത്.
മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾ തടയുന്നതിന്റെ ഭാഗമായാണ് സിറ്റി പോലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.