ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസ് പരിസരം ഗോമൂത്രം തളിച്ചു

ബെംഗളൂരു: മുൻ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശിവമോഗ ഡെ.കമ്മീഷണർ ഓഫീസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ വലതു സംഘടനകൾ. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർ തിങ്കളാഴ്‌ച ശിവമോഗ നഗരത്തിലെ പഞ്ചായത്ത് കമ്മീഷണറുടെ ഓഫീസ് പരിസരം ഗോമൂത്രം തളിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് വാങ്കു വിളിച്ചത് വിവാദമായിരുന്നു. ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ പഞ്ചായത്ത് കമ്മീഷണർ ഓഫീസ് പരിസരത്ത് ഗോമൂത്രം തളിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുണ്യസ്ഥലമാണെന്നും നൂറുകണക്കിന് ആളുകള്‍ ഓഫീസ് സന്ദര്‍ശിക്കാറുണ്ടെന്നും ബജ്‌റംഗ്ദളും വിഎച്ച്‌പി അംഗങ്ങളും പറഞ്ഞു. എല്ലാ മതസ്ഥര്‍ക്കും അവിടെ പ്രതിഷേധം സംഘടിപ്പിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതിഷേധത്തിനിടെ ബോധപൂര്‍വം വാങ്കുവിളിച്ചെന്നും അവര്‍ ആരോപിച്ചു. നിരോധിച്ചിട്ടും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും പോലീസും നടപടിയെടുക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

വാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയുമായി മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പ രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. വാങ്ക് വിളി പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ക്കും ശല്യമാണെന്നും വാങ്ക് വിളി തടയാനുള്ള വേണ്ട നിയമനടപടിയെടുക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ഗോവധ നിരോധന, മുത്തലാഖ്, മതപരിവ‍‍ര്‍ത്തന നിരോധന നിയമങ്ങള്‍ കൊണ്ടുവന്നത് പോലെ വാങ്ക് വിളിക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്തിനാണ് വാങ്കുവിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേള്‍ക്കാന്‍ പാടില്ലേയെന്നുമായിരുന്നു ഈശ്വരപ്പ ഉന്നയിച്ച ചോദ്യം. പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് വാങ്കുവിളിയുയര്‍ന്നതോടെയാണ് ഇത്തരമൊരു വിവാദ പരാമര്‍ശം ഈശ്വരപ്പ നടത്തിയത്.

ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നും ഈശ്വരപ്പ പറഞ്ഞു. നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us