ബെംഗളൂരു: നഗരത്തിൽ ഇനി വാഹനം വാങ്ങുന്നവർക്ക് സ്വന്തമായി പാർക്കിങ് സ്ഥലം വേണമെന്ന് നിർബന്ധമാക്കി. പാർക്കിങ് സൗകര്യമുണ്ടെന്നുള്ള കോർപ്പറേഷന്റെ സർട്ടിഫിക്കറ്റില്ലെങ്കിൽ വാഹനം രജിസ്റ്റർ ചെയ്യില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു.
വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ മറ്റു സർട്ടിഫിക്കറ്റുകൾക്കൊപ്പം പാർക്കിങ് സ്ഥലമുണ്ടെന്ന ബെംഗളൂരു കോർപ്പറേഷന്റെ (ബി.ബി.എം.പി.) സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം.
നഗരത്തിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ ബി.ബി.എം.പി. മുന്നോട്ടുവെച്ച നിർദേശം ഗതാഗതവകുപ്പ് അംഗീകരിക്കുകയായിരുന്നു. വീടുകളിൽ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികുകളിൽ പാർക്ക് ചെയ്യുന്നത് പതിവായതിനെത്തുടർന്നാണ് ബി.ബി.എം.പി. വാഹനം മേടിക്കാൻ പാർക്കിങ് സൗകര്യം വേണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
റോഡരികുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നത് പതിവാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സ്വന്തമായി വാഹനമുള്ളവർ റോഡുകളിലാണ് പാർക്ക് ചെയ്യുന്നത്.
ഇടുങ്ങിയറോഡുകളായതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. നഗരത്തിൽ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയാൻ ഇത്തരമൊരു നീക്കം നേരത്തേ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് നീക്കം പിൻവലിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.