ഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു: ഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം.

ശനിയാഴ്ച ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലും കർണാടക രക്ഷണ വേദികെ, കർണാടക രണധീര പടെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഹിന്ദിദിവസ് രാജ്യം മുഴുവൻ ആചരിക്കുന്നത് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബെംഗളൂരു ടൗൺഹാളിനുമുന്നിലും അനന്ത്‌റാവു സർക്കിളിലും നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്.

മറ്റുഭാഷകൾക്ക് സമാനമായ പ്രാധാന്യമേ ഹിന്ദിക്കുള്ളൂവെന്നും അമിത്ഷായുടെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്ററുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെത്തുടർന്ന് നഗരത്തിൽ രാവിലെമുതൽ പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്.

മൈസൂരു, ധാർവാഡ് തുടങ്ങിയ നഗരങ്ങളിലും കന്നഡ സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. അതേസമയം, അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ്, ജെ.ഡി. എസ്. നേതാക്കളും രംഗത്തെത്തി. കേന്ദ്രസർക്കാർ ആർ.എസ്.എസിന്റെ രഹസ്യ അജൻഡ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് കോൺഗ്രസും ജെ.ഡി.എസും ആരോപിച്ചു.

അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കന്നഡയിൽ പോസ്റ്റിട്ടാണ് പ്രതിഷേധം. നേരത്തേ നഗരത്തിലെ സ്ഥാപനങ്ങളുടെ ബോർഡുകളിൽനിന്ന് ഹിന്ദി ഉൾപ്പെടെയുള്ള മറ്റുഭാഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിവിധ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ബോർഡുകൾ കന്നഡയിലാക്കണമെന്നും നിർദേശിച്ചു. കന്നഡ സംഘടനകളുടെ സമ്മർദങ്ങളുടെ ഫലമായി ബോർഡുകളിൽ 60 ശതമാനം ഭാഗത്തും കന്നഡ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ബെംഗളൂരു കോർപ്പറേഷനും വിജ്ഞാപനമിറക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us