ബെംഗളൂരു: നഞ്ചൻകോട് സ്വദേശിയായ വെങ്കടേഷ് മൂർത്തിയാണ് (60) പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ചത്. വിവിധ ഡാമുകൾ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു.
സംസ്ഥാനത്തെ പ്രളയത്തിൽ അമ്പതിലേറെ പേർ മരിക്കുകയും നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുകയും ചെയ്തു. ഇതിനിടെയാണ് അറുപതുകാരനായ വെങ്കടേഷ് മൂർത്തി നാട്ടുകാരെ ഞെട്ടിച്ച് നദിയിലേക്ക് എടുത്തുചാടിയത്. നിമിഷനേരം കൊണ്ട് ഇയാളെ കാണാതാവുകയും ചെയ്തു.
ഇതിന്റെ വീഡിയോ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിനിടെ, നദിയിലേക്ക് ചാടിയ വെങ്കടേഷ് മൂർത്തി മരിച്ചിരിക്കുമെന്ന് അധികൃതരും വിധിയെഴുതി. ചില വാർത്താചാനലുകളും മൂർത്തി മരിച്ചെന്ന് വാർത്ത നൽകി. ഇയാളെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് രണ്ടുദിവസം പിന്നിട്ടപ്പോഴാണ് ഏവരെയും ഞെട്ടിച്ച മറ്റുചില വിവരങ്ങൾ പുറത്തുവന്നത്.
നദിയിലേക്ക് എടുത്തുചാടി കാണാതായെന്ന് കരുതിയ മൂർത്തിയെ തങ്ങൾ നേരിട്ട് കണ്ടെന്ന് നാട്ടുകാരിൽ ചിലർ വെളിപ്പെടുത്തി. തൊട്ടുപിന്നാലെ നഞ്ചൻകോട് റൂറൽ പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. വെങ്കടേഷ് മൂർത്തി തിങ്കളാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് ചെയ്തെന്നും പോലീസ് അറിയിച്ചു. എന്തായാലും മൂർത്തി ജീവനോടെ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹത്തിന്റെ സഹോദരി മഞ്ജുളയും കുടുംബവും.
ആദ്യമായിട്ടില്ല മൂർത്തി ഇങ്ങനെ നദിയിലേക്ക് ചാടുന്നതെന്നും പക്ഷേ, ഇത്തവണ രണ്ടുദിവസമായിട്ടും വിവരം ലഭിക്കാതായതോടെ ആശങ്കയിലായെന്നും മഞ്ജുള പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മൂർത്തി ഇങ്ങനെ പലതവണ സാഹസികത കാണിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. നദിയിലേക്ക് ചാടിയാൽ അരമണിക്കൂറിനുള്ളിൽ അദ്ദേഹം തിരിച്ചെത്തുകയാണ് പതിവ്.
പക്ഷേ, കഴിഞ്ഞദിവസം ഹെജിഗെ പാലത്തിന്റെ തൂണുകൾക്കിടയിൽ മൂർത്തി കുടുങ്ങിപ്പോയി. അതാണ് രണ്ടുദിവസമെടുത്തത്-മഞ്ജുള വിശദീകരിച്ചു. ഹെജിഗെ പാലത്തിനടിയിൽ മൂർത്തി കുടുങ്ങികിടക്കുന്നത് നാട്ടുകാരിൽ ചിലർ നേരത്തെ കണ്ടിരുന്നു. താഴേക്ക് കയർ നൽകി ഇയാളെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നദിയിലെ ജലനിരപ്പ് ഉയർന്നതോടെ മൂർത്തിയെ കാണാതാവുകയായിരുന്നു.
ഇതോടെയാണ് മൂർത്തി ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ടാവുമെന്ന് നാട്ടുകാരും കരുതിയത്. സാധാരണ പാലത്തിന്റെ മധ്യത്തിലൂടെ നീന്തിക്കയറാറുള്ള തനിക്ക് ഇത്തവണ കുത്തൊഴുക്ക് കാരണം തൂണിൽ പിടിച്ചുനിൽക്കേണ്ടിവന്നു. പക്ഷേ, നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പാലത്തിൽ കുടുങ്ങിപ്പോയെന്നും മൂർത്തി ഒരു പ്രാദേശിക വാർത്താചാനലിനോട് പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരിയായി ജോലിചെയ്യുന്ന വെങ്കടേഷ് മൂർത്തി കശ്മീർ മുതൽ കന്യാകുമാരി വരെ സൈക്കിളിൽ പതിനായിരം കിലോമീറ്ററിലേറെ സഞ്ചരിച്ച് നേരത്തെ വാർത്തകളിലിടം നേടിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.