ന്യൂഡൽഹി: വാഹനമോഷണം തടയാനും അവയുടെ ഘടകഭാഗങ്ങൾ (പാർട്സ്) യഥാർഥമാണോയെന്ന് ഉറപ്പാക്കാനും വാഹനങ്ങളിൽ മൈക്രോഡോട്ട്സ് സംവിധാനം വരുന്നു. മൈക്രോഡോട്ടുകൾ നിർബന്ധമാക്കുന്നതോടെ വാഹനങ്ങളുടെ മോഷണം തടയാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
പുതിയ വാഹനങ്ങളിലും അവയുടെ പാർട്സുകളിലും മൈക്രോഡോട്ട്സുകൾ സ്ഥിരമായി ഘടിപ്പിക്കണമെന്ന് ഇതുസംബന്ധിച്ച ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുചട്ടത്തിൽ പറയുന്നു. 1989-ലെ കേന്ദ്രവാഹനചട്ടത്തിലാണു ഭേദഗതി വരുത്തുന്നത്. കരടുചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 24-നകം പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം.
ഇളക്കിമാറ്റാൻ ശ്രമിച്ചാൽ വാഹനഭാഗത്തിനു കേടുവരുന്ന രീതിയിലായിരിക്കണം മൈക്രോഡോട്ടുകൾ പിടിപ്പിക്കേണ്ടത്. മോഷ്ടിച്ച വാഹനങ്ങളും പാർട്‌സുകളും തിരിച്ചറിയാൻ എളുപ്പം സാധിക്കും. വാഹനങ്ങളുടെ പാർട്‌സുകൾ വ്യാജമാണോ അല്ലെയോ എന്നു ഉപഭോക്താക്കൾക്കു കണ്ടുപിടിക്കാനും കഴിയും. നിലവിൽ, വാഹനങ്ങളുടെ വ്യാജഭാഗങ്ങൾ വൻതോതിൽ വിറ്റഴിയുന്നുണ്ട്.
വാഹനമേഖലയിലുൾപ്പെടെ യന്ത്രഭാഗങ്ങൾ യഥാർഥമാണോയെന്നു കണ്ടുപിടിക്കാൻ ആഗോളവ്യാപകമായി അംഗീകരിച്ച സാങ്കേതികവിദ്യയാണ് മൈക്രോഡോട്ട്. വൃത്താകൃതിയിൽ ഒരു മില്ലിമീറ്റർ വ്യാസത്തിലുള്ള അതിസൂക്ഷ്മമായ ഈ ‘ചെറു കുത്തുകൾ’ മൈക്രോസ്കോപ്പിന്റെ സഹായത്താൽ മാത്രമേ കാണാനാവൂ.
അൾട്രാവയലറ്റ് വെളിച്ചത്തിൽ ഇവ തിരിച്ചറിയാൻ കഴിയും. 1990-ൽ യു.എസിലാണ് ഈ സംവിധാനം ആദ്യമായി വികസിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ പുതിയ വാഹനങ്ങൾക്കു മൈക്രോഡോട്ടുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
കോഡോടുകൂടിയ പ്രത്യേക സീരിയൽ നമ്പറോ, വാഹനതിരിച്ചറിയൽ നമ്പറോ ആണ് ഇതിലുണ്ടാവുക. വാഹനങ്ങളിൽ ഉപയോഗിക്കുന്നവയിൽ ഉപഭോക്താവിന്റെ വിവരങ്ങൾ, സ്വകാര്യ തിരിച്ചറിയൽ നമ്പർ തുടങ്ങിയവയും ഉണ്ടാവും. ചിലതിൽ വിവരണവും ചിത്രവും ഉണ്ടായേക്കും. പോളിസ്റ്റർ, ലോഹം എന്നിവ ഉപയോഗിച്ചാണു നിർമാണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.