നിയമസഭാ സ്പീക്കർ കളി തുടങ്ങി;രാജിക്കത്ത് നടപടിക്രമങ്ങൾ പാലിച്ചല്ല;എംഎൽഎമാർ നേരിട്ട് സ്പീക്കറെ കാണണം.

ബെംഗളുരുമന്ത്രിപദവി വച്ചു നീട്ടിയിട്ടും, കോൺഗ്രസ് നേതാക്കൾ നേരിട്ടെത്തി കണ്ടിട്ടും വഴങ്ങാത്ത വിമതരെ കോടതി കയറ്റാനാലോചിക്കുകയാണ് കോൺഗ്രസ് – ജനതാദൾ നേതൃത്വം. അവസാനശ്രമങ്ങളാണ് നേതാക്കൾ നടത്തുന്നത്.

കോൺഗ്രസിന്‍റെ കേന്ദ്ര നേതൃത്വം തന്നെ ബെംഗളുരുവിലേക്ക് വരാനൊരുങ്ങുന്നു. ഗുലാം നബി ആസാദടക്കമുള്ള മുതിർന്ന നേതാക്കളാണ് ബെംഗളുരുവിലെത്തുക.

സ്പീക്കർ കെ ആർ രമേശ് കുമാർ മറുവശത്ത് ഗവർണർക്ക് കത്ത് നൽകുന്നു. രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും നേരിട്ട് വന്ന് കാണണമെന്നും സ്പീക്കർ എംഎൽഎമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമതീരുമാനം പരമാവധി നീട്ടി സഖ്യ നേതൃത്വത്തിന് സമയം നൽകുകയാണ് സ്പീക്കർ.

രാജി വച്ച 13-ൽ എട്ട് പേരുടെയും രാജി നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കർണാടക നിയമസഭാ ചട്ടത്തിന്‍റെ റൂൾ 202-ന് വിരുദ്ധമായാണ് ഇവരെല്ലാം രാജി നൽകിയിരിക്കുന്നത്.

ഇപ്പോൾ അത് സ്വീകരിക്കില്ല. ബാക്കി അഞ്ച് പേർ മാത്രമാണ് നടപടിക്രമങ്ങൾ പാലിച്ച് രാജി നൽകിയിരിക്കുന്നത്. ഈ അഞ്ച് പേരോടും നേരിട്ട് വന്ന് കാണാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ട് ദിവസം സമയം നൽകിയിട്ടുണ്ട്. ആനന്ദ് സിംഗ്, രാമലിംഗറെഡ്ഡി, പ്രതാപ് ഗൗഡ പാട്ടീൽ, ഗോപാലയ്യ, നാരായൺ ഗൗഡ എന്നിവരോടാണ് നേരിട്ട് വരാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിൽ രണ്ട് പേർ ജെഡിഎസ്സുകാരാണ്. മൂന്ന് പേർ കോൺഗ്രസുകാരും. ആനന്ദ് സിംഗും നാരായൺ ഗൗഡയും നിയമസഭാ സമ്മേളനം തുടങ്ങുന്ന വെള്ളിയാഴ്ച തന്നെ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

ബാക്കിയുള്ളവർ തിങ്കളാഴ്ചയും സ്പീക്കറെ കാണും.

അതായത് എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള തന്ത്രം കോൺഗ്രസ് സ്പീക്കറെ മുൻ നിർത്തി പയറ്റുകയാണ്. ഭരണഘടനാപരമായ നടപടിയുണ്ടാകുമെന്ന ഭീഷണി കൂടി മുന്നോട്ടുവച്ചാണ് കോൺഗ്രസ് വിമതരെ നേരിടുന്നത്.

വിമതരെഅയോഗ്യരാക്കാനുള്ള നീക്കവും കോൺഗ്രസ് നേതാക്കൾ സ്പീക്കറുമായി ആലോചിച്ച് നടത്തുന്നു.

മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ സംസാരിക്കുകയും, രാജി കത്തിലൂടെ മാത്രം നൽകുകയും, നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്നത് തന്നെ അയോഗ്യത കൽപിക്കാനുള്ള കാരണങ്ങളാണെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി കോടതി കയറിയാൽത്തന്നെ, എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിയിൽ കോൺഗ്രസിന് നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്.

”എംഎൽഎമാരെ അയോഗ്യരാക്കരുതെന്ന് ഞാൻ സ്പീക്കറോട് അഭ്യർത്ഥിക്കുകയാണ്. അവർക്ക് അടുത്ത ആറ് വർഷത്തേക്ക് പിന്നെ മത്സരിക്കാനാകില്ല. രാജി പിൻവലിച്ച് തിരിച്ചു വരണമെന്നാണ് എംഎൽഎമാരോട് ആവശ്യപ്പെടുന്നത്”, സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us