ഓപ്പണർമാർ തകർത്താടി, ഇന്ത്യയ്ക്ക് ഉജ്വല വിജയം; ചരിത്രമെഴുതി ‘ഹിറ്റ്മാന്‍’

ലീഡ്സ്: ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപിച്ചു. ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു.

ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും  സെഞ്ചുറികളാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം നാല് സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ.

ഇംഗ്ലണ്ട് ലോകകപ്പ് ഇനി ഓര്‍ക്കപ്പെടുക രോഹിത് ശര്‍മയുടെ പേരിലായിരിക്കും. അത്രയ്ക്ക് ഗംഭീരമായ കുതിപ്പാണ് രോഹിത്തില്‍ നിന്ന് ഇത്തവണ ഉണ്ടായിരിക്കുന്നത്. അതിന് പുറമേ വലിയൊരു ലോക റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഒരു ലോകകപ്പില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡാണ് രോഹിത്തിന് സ്വന്തമായിരിക്കുന്നത്.

സെഞ്ചുറി നേടിയശേഷം ഇരുവരും വളരെ പെട്ടെന്ന് പുറത്തായി. നാലു പന്തിൽ നിന്ന് നാലു റണ്ണെടുത്ത പന്താണ് പുറത്തായ മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ. ക്യാപ്റ്റൻ വിരാട് കോലി 34 ഉം ഹർദിക് പാണ്ഡ്യ ഏഴും റണ്ണെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഒന്ന് മഴ അപഹരിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ്. ഒരുവേള 55 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ 250 റൺസ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അർധ സെഞ്ചുറി നേടിയ തിരിമാനെയും ചേർന്നാണ്.

ഏഞ്ചലോ മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസും തിരിമാനെ 68 പന്തിൽ നിന്ന് 53 റൺസുമാണ് നേടിയത്. 124 റൺസാണ് അഞ്ചാം വിക്കറ്റിലെ അവരുടെ സംഭാവന. കരുണരത്നെ (10), കുശാൽ പെരേര (18), അവിഷ്ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് നിസാര സ്കോറിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. ഈ പ്രകടനം വഴി ഏകദിനത്തിൽ 100 വിക്കറ്റ് തികച്ചിരിക്കുകയാണ് ബുംറ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us