ബെംഗളൂരു:കാർഷികവായ്പ എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പല കർഷകരും നൽകിയത് വ്യാജ വിവരങ്ങളാണെന്ന് കണ്ടെത്തി. ജില്ലാ, താലൂക്ക് തലത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കർഷകർ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ കർഷകർ നൽകിയ വിവരങ്ങൾ പരിശോധിക്കാതെയാണ് അനുകൂല്യം നൽകിയിരുന്നത്. എന്നാൽ അനുകൂല്യം യഥാർഥ കർഷകരിലേക്ക് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ബാങ്കുകളിൽ ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
ആധാർ കാർഡ്, റേഷൻ കാർഡ്, കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് വായ്പ എഴുതി ത്തള്ളുന്നതിന്റെ അനുകൂല്യം ലഭ്യമാക്കുന്നത്. വായ്പയെടുത്ത ബാങ്കിലാണ് രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടത്. പൊതുമേഖലാ ബാങ്കുകളിൽ 1.9 ലക്ഷം കർഷകർ നൽകിയ ആധാർ കാർഡ്, റേഷൻ കാർഡ് വിവരങ്ങൾ വ്യജമാണെന്ന് തെളിഞ്ഞു. സഹകരണബാങ്കുകളിൽ 1.4 ലക്ഷം അപേക്ഷകളിലെ വിവരങ്ങളും തെറ്റാണ്. മൊത്തം 3.3 ലക്ഷം കർഷകർ നൽകിയ വിവരങ്ങൾ വ്യാജമാണെന്നാണ് കണ്ടെത്തിയത്.
റേഷൻകാർഡും ആധാർകാർഡുമില്ലാത്ത കർഷകരുമുണ്ട്. ഇവരുടെ കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. കാർഷികവായ്പ എഴുതിത്തള്ളൽ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചവരിൽ 30 ശതമാനം പേർക്കും റേഷൻ കാർഡും ആധാർ കാർഡുമില്ലെന്നാണ് കണ്ടെത്തിയത്. ഇവർക്ക് റേഷൻ കാർഡ് ലഭ്യമാക്കുന്നതിനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. പൊതുമേഖല ബാങ്കുകളിലായി 22 ലക്ഷം കാർഷികവായ്പ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 12 ലക്ഷം അക്കൗണ്ടുകൾ അനുകൂല്യം ലഭിക്കുന്നതിന് അർഹതപ്പെട്ടതാണ്. 4.3 ലക്ഷം കർഷകർക്ക് പൊതുമേഖലാ ബാങ്കുകളിലും സഹകരണബാങ്കുകളിലും അക്കൗണ്ടുകളുണ്ട്.
തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ്- ജനതാദൾ എസ് സഖ്യസർക്കാർ കാർഷികവായ്പകൾ എഴുതിത്തള്ളിയത്. പൊതുമേഖല ബാങ്കുകൾ, സഹകരണബാങ്കുകൾ എന്നിവയിൽനിന്ന് വായ്പയെടുത്ത 27 ലക്ഷം കർഷകരുടെ വായ്പയാണ് ആദ്യഘട്ടത്തിൽ എഴുതിത്തള്ളിയത്. ഇതിനായി 18000 കോടി രൂപയാണ് വകയിരുത്തിയത്. അപേക്ഷകൾ ലഭിച്ചതിനുശേഷം വില്ലേജ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് രേഖകൾ പരിശോധിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.