ബെംഗളൂരു: സ്കൂളിൽ പാത്രം കഴുകാൻ വെള്ളമില്ലാത്തതിനാൽ വിദ്യാർത്ഥികളോട് ഭക്ഷണം കഴിക്കാൻ വീട്ടിൽനിന്ന് വാഴയില കൊണ്ടുവരാൻ നിർദ്ദേശം. ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഉത്തര കന്നഡയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വാഴയിലയിലാക്കി.
പാത്രം കഴുകാനുള്ള വെള്ളം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ഭക്ഷണം കഴിക്കാനുള്ള ഇല വീട്ടിൽനിന്നു കൊണ്ടുവരണമെന്നാണു നിർദേശം. ഉത്തര കന്നഡയിലെ ഹൊന്നാവർ താലൂക്കിലെ കദ്നിർ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ആദ്യം ഈ രീതി കൊണ്ടുവന്നത്.
തുടർന്ന് വരൾച്ച രൂക്ഷമായ മറ്റു പ്രദേശങ്ങളിലെ സ്കൂളുകളിലും ഉച്ചഭക്ഷണം ഇലയിലാക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളും വറ്റിയിരിക്കുകയാണ്. ടാങ്കറുകളിൽ വെള്ളം വിതരണംചെയ്യുന്നുണ്ടെങ്കിലും കുടിക്കാനും പാചകത്തിനുംമാത്രമേ തികയുന്നുള്ളൂ.
ജലക്ഷാമം പരിഹരിക്കപ്പെടുന്നതുവരെ ഉച്ചഭക്ഷണം ഇലയിൽ നൽകാനാണ് തീരുമാനം. അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മഴപെയ്തത് പ്രതീക്ഷ നൽകുന്നുണ്ട്. ജലക്ഷാമംകാരണം ഉഡുപ്പി ജില്ലയിലെ വൊളകാട്, ഇന്ദ്രാലി, കടിയലി മേഖലകളിലെ ചില സർക്കാർ സ്കൂളുകളിൽ ഉച്ചവരെയെ ക്ലാസുള്ളൂ. ഉച്ചഭക്ഷണസമയമാകുമ്പോൾ വിദ്യാർഥികൾക്ക് വീടുകളിൽ പോകാം.
വെള്ളക്ഷാമം പരിഹരിക്കുന്നതുവരെ ഉച്ചവരെയേ ക്ലാസുണ്ടാകുവെന്നാണു രക്ഷിതാക്കൾക്ക് സ്കൂളിൽനിന്നു ലഭിച്ച അറിയിപ്പ്. വെള്ളമില്ലാത്തതിനാൽ കലബുറഗി, യാഡ്ഗിർ ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ വൈകിയിരുന്നു.
കലബുറഗിയിലെ 117 ഗ്രാമങ്ങളിലും യാഡ്ഗിറിലെ 24 ഗ്രാമങ്ങളിലും കിണറുകൾ വറ്റിയതിനാൽ ടാങ്കറുകളിൽ വെള്ളമെത്തിക്കുന്നുണ്ട്. സ്കൂളുകൾക്ക് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും മറ്റു പല ആവശ്യങ്ങളുമുള്ളതിനാൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ തികയുന്നില്ലെന്നു സ്കൂളധികൃതർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.