ബെംഗളൂരു: തിരക്കേറിയ മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ ഗ്രനേഡിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ 8.45-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന്റെയും ഇടയിലെ ട്രാക്കിലാണ് വസ്തു കണ്ടെത്തിയത്. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി യാത്രികരെ മാറ്റി സുരക്ഷയൊരുക്കി.
വസ്തു കണ്ടെത്തി അരമണിക്കൂറിനുള്ളിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തുവല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് യാത്രികർക്ക് ആശ്വാസമായത്. പരിഭ്രാന്തി പരത്തിയ വസ്തു, ഗ്രനേഡിന്റെ ലോഹ ആവരണം മാത്രമാണെന്നാണ് പ്രാഥമിക നിഗമനം.
ഇതു കണ്ടെത്തിയ സമയത്ത് ബെംഗളൂരു- പട്ന സംഘമിത്ര എക്സ്പ്രസ് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലെ തീവണ്ടികൾ പുറപ്പെടാൻ വൈകിയെങ്കിലും ഉച്ചയോടെ ഗതാഗതം സാധാരണനിലയിലായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രവേശനകവാടത്തിലും പ്ലാറ്റ്ഫോമുകളിലും തീവണ്ടികളിലും പാർസൽ ഓഫീസുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
പരിശോധനയ്ക്കിടെ ഒരു തീവണ്ടിയിൽനിന്ന് ‘ബീപ്’ ശബ്ദംകേട്ടത് ആശങ്കയുളവാക്കി. എന്നാൽ പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ കോച്ചിനകത്തെ സി.സി.ടി.വി.യിൽനിന്നാണ് ശബ്ദമുണ്ടായതെന്നു മനസ്സിലായെന്ന് റെയിൽവേ എ.ഡി.ജി.പി. അലോക് മോഹൻ പറഞ്ഞു. സംഭവത്തെത്തുടർന്ന് മജസ്റ്റിക് മെട്രോ സ്റ്റേഷനിലും സുരക്ഷ വർധിപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.