സംസ്ഥാനത്ത് ഉന്നതപഠനത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്ത ഡോക്ടർമാർക്കെതിരേ നടപടി!!

ബെംഗളൂരു: സംസ്ഥാനത്ത് ഉന്നതപഠനത്തിനുശേഷം ജോലിയിൽ തിരിച്ചെത്താത്ത ഡോക്ടർമാർക്കെതിരേ കർശന നടപടി വരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉന്നതപഠനത്തിനുശേഷം സ്വകാര്യ മേഖലയിലും വിദേശത്തും ജോലി തേടുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഇവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. സർക്കാർജോലിയിൽ പ്രവേശിച്ചതിനുശേഷം പി. ജി. പഠനത്തിന് പോയവരാണ് തിരിച്ച് ജോലിയിൽ പ്രവേശിക്കാത്തത്. ഇവരിൽ പലരും വിദേശത്താണ് ഉപരിപഠനം നടത്തിയത്. പഠനത്തിനുശേഷം വിദേശത്ത് ജോലിയിൽ തുടരുന്നവരുമുണ്ട്.

സർക്കാർ ആശുപത്രികളിലെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ചെലവിലാണ് പലരും ഉപരിപഠനത്തിന് പോകുന്നത്. ഇതിലൂടെ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സർക്കാരിന് 11 കോടി രൂപ ചെലവായിട്ടുണ്ടെന്നാണ് കണക്ക്.

ആരോഗ്യ സർവകലാശാലകളിൽ സർക്കാർ ഡോക്ടർമാർക്കായി ഉപരിപഠനത്തിന് 100 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഈ അനുകൂല്യം നേടിയവരും തിരിച്ച് ജോലിയിൽ പ്രവേശിക്കാറില്ല. ഇവരിൽനിന്ന് 50 ലക്ഷം രൂപ പിഴ ഈടാക്കാനാണ് സർക്കാർ തീരുമാനം. പിഴ അടയ്ക്കാത്തവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും.

മെഡിക്കൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ നിർബന്ധ ഗ്രാമസേവനത്തിലും വീഴ്ചയുണ്ടെന്നു കണ്ടെത്തി. മെഡിക്കൽ പഠനം പൂർത്തിയാക്കുന്നവർക്ക് ഒരു വർഷത്തെ ഗ്രാമസേവനം നിർബന്ധമാണ്. എന്നാൽ പഠനത്തിനുശേഷം പിഴ നൽകി ഗ്രാമസേവനം ഒഴിവാക്കാറാണ് പതിവ്. നിർബന്ധ ഗ്രാമസേവനം ഉറപ്പാക്കുന്നതിന് ബോണ്ട് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങളിലും നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us